എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നല്‍കിയിട്ടില്ല. രമ്യയ്ക്ക് എതിരെ പരാമര്‍ശം ഉയര്‍ന്നതിന് പിന്നാലെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.
എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു. ആക്ഷേപം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്നും രമ്യ പറയുകയുണ്ടായി. രമ്യയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് വനിതാ കമ്മീഷന്റെ പ്രതികരണം.
അതേസമയം രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്നാണ് മന്ത്രി എ.കെ ബാലന്‍ പറയുകയുണ്ടായി. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം എത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് പോയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
Post Your Comments