KeralaLatest News

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം; രൂപരേഖ തയ്യറാക്കിയ ജീവനക്കാരുടെ മൊഴി ഇന്നെടുക്കും, പണി പൂര്‍ത്തിയാകാന്‍ മൂന്നു നാള്‍

കൊച്ചി : പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇന്നു പാലത്തിന്റെ രൂപരേഖ തയാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സല്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. പദ്ധതി നടപ്പാക്കിയ സമയത്തെ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

31നു മുന്‍പു പ്രാഥമിക ജോലികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു തുറക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ ഇടവിട്ട് എത്തുന്ന മഴ മൂലം ടാറിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴയില്ലെങ്കില്‍ ഇന്നു ടാറിങ് തുടങ്ങുമെന്ന് ആര്‍ബിഡിസികെ അധികൃതര്‍ പറഞ്ഞു. 3 ദിവസം കൊണ്ടു ടാറിങ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.കിറ്റ്‌കോ, ആര്‍ബിഡിസികെ മുന്‍ എംഡിമാര്‍, ജനറല്‍ മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, കരാറെടുത്ത ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

ഇന്നും നാളെയുമായി മൊഴിയെടുപ്പു പൂര്‍ത്തിയാകുമെന്നു വിജിലന്‍സ് ഡിവൈഎസ്പി ആര്‍. അശോക് കുമാര്‍ അറിയിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയോടെ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലം നിര്‍മാണ സാമഗ്രികളുടെ സാംപിളുകളുടെ പരിശോധനാഫലം ലാബില്‍ നിന്നു കഴിഞ്ഞ വെളളിയാഴ്ച കൈമാറുമെന്നു അറിയിച്ചെങ്കിലും നല്‍കിയിട്ടില്ല. ലാബ് അധികൃതര്‍ പരിശോധനകള്‍ക്കായി 2 ദിവസം കൂടി സാവകാശം ചോദിച്ചതിനെ തുടര്‍ന്നാണിത്. ബുധനാഴ്ചയോടെ ഫലം ലഭിക്കുമെന്നാണു കരുതുന്നത്. കാക്കനാട് റീജനല്‍ ലബോറട്ടറിയിലാണു കോണ്‍ക്രീറ്റ് സാംപിളുകള്‍ പരിശോധിക്കുന്നത്. ഐഐടി നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്താനായി പാലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button