പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷ പരിപാടികളില്ലാതെയാണ് പാലം തുറക്കുക. വൈകുന്നേരം നാലിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും.
ഡി.എം.ആര്.സിക്കു വേണ്ടി ഇ. ശ്രീധറിൻ്റെ മേൽനോട്ടത്തിൽ, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണു പാലം പുനര്‍നിര്‍മാണം നടത്തിയത്. 2020 സെപ്റ്റംബര്‍ 28നാണു പുനര്‍നിര്‍മാണം തുടങ്ങിയത്.
പഴയ പാലത്തിന്റെ മുകള്‍ ഭാഗം 57 ദിവസം കൊണ്ടാണ് പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗര്‍ഡറുകളുമാണു പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്.
സ്പാനുകളും പിയര്‍ ക്യാപുകളും പുതിയവ നിര്‍മിച്ചു. തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിംഗ് നടത്തി ബലപ്പെടുത്തിയ ശേഷമാണു പുതിയ പിയര്‍ ക്യാപുകളും പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകളും സ്ഥാപിച്ചത്. പുനര്‍നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ വരെ സമയം നല്‍കിയിരുന്നെങ്കിലും മൂന്ന് മാസം നേരത്തെ നിര്‍മാണം പൂര്‍ത്തിയായി.
Post Your Comments