Latest NewsIndia

നൂറു സീറ്റിലേക്ക് പോലും എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ ,മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച്‌ സോണിയ: പ്രതികരിക്കാതെ കക്ഷികൾ

നൂറു സീറ്റിലേക്ക് പോലും കോണ്‍ഗ്രസിന് എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ വന്നതിനെത്തുടര്‍ന്നാണ് ഏതുവിധേനയും മോദിയെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ സോണിയ നേരിട്ട് രംഗത്തിറങ്ങുന്നത്.

ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ശ്രമം. മെയ് 23ന് ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കളെ സോണിയ ക്ഷണിച്ചു. എന്നാല്‍ ഡിഎംകെ മാത്രമാണ് ഇതുവരെ അനുകൂലമായി പ്രതികരിച്ചത്. ഫല പ്രഖ്യാപനം വന്ന ശേഷം മാത്രം ഇത്തരം ചര്‍ച്ചകള്‍ നടത്താമെന്നാണ് ബാക്കിയുള്ള കക്ഷികളുടെ നിലപാട്.നൂറു സീറ്റിലേക്ക് പോലും കോണ്‍ഗ്രസിന് എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ വന്നതിനെത്തുടര്‍ന്നാണ് ഏതുവിധേനയും മോദിയെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ സോണിയ നേരിട്ട് രംഗത്തിറങ്ങുന്നത്.

രാഹുലിനെ അംഗീകരിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ആരുമില്ലാത്തതും സോണിയയെ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതയാക്കി. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയായിരുന്നു സോണിയ. മെയ് 21ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഫലപ്രഖ്യാപന ദിവസം എല്ലാവരും ദല്‍ഹിയിലെത്തണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഏതുവിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.

ബിജെപിയോ എന്‍ഡിഎയോ സര്‍ക്കാരുണ്ടാക്കില്ലെന്നും കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുമെന്നും ഗുലാംനബി ആസാദ് പറഞ്ഞു.എസ്പി ബിഎസ്പി, എന്‍സിപി, ജെഡിഎസ് തുടങ്ങിയ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡി എന്നിവരുമായും കോണ്‍ഗ്രസ് ആശയ വിനിമയം നടത്തി.രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തില്ലെന്ന് ആദ്യ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞതോടെ തന്നെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.

പൊതുസമ്മതനായ പ്രതിപക്ഷ നേതാവ് ആരെന്ന വിഷയത്തില്‍ യാതൊരു സമവായത്തിലേക്കും എത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കില്ല.ഇതിനിടെ ബംഗാളില്‍ ബിജെപി-മമത പോര് മൂര്‍ച്ഛിച്ചതോടെ മമതയെ പിന്തുണച്ച്‌ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ മമതയെ പൊതുനേതാവായി അംഗീകരിക്കാന്‍ ടിഡിപി, ടിആര്‍എസ് തുടങ്ങിയ കക്ഷികള്‍ തയാറല്ല.

മമതയെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് ഇടതുകക്ഷികളും പോകില്ലെന്നാണ് സൂചന.മറുവശത്ത് ബിജെപിയാവട്ടെ മുന്നൂറിലധികം സീറ്റുകള്‍ ഉറപ്പിച്ച്‌ മുന്നോട്ടു പോകുന്നു. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തെങ്കിലും നിലപാടിലേക്ക് പോകൂ. എന്നാല്‍, ബിജെപിയുടെ വലിയ വിജയമാണ് രാജ്യത്തുണ്ടാവുന്നതെങ്കില്‍ മിക്ക പ്രാദേശിക പ്രതിപക്ഷ കക്ഷികളും ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button