മുക്കം: വിദ്യാര്‍ത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവംനീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ അധ്യാപകന്‍ വിദ്യാാര്‍ത്ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹയര്‍ സെക്കണ്ടറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി.വിദ്യാര്‍ത്ഥികളെയും അവര്‍ കണ്ടു. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് ഇവര്‍ നിര്‍ദേശിച്ചു.
കൂടാതെ ഹയര്‍ സെക്കണ്ടറി വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ.എസ്.എസ്. വിവേകാന്ദന്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല കൃഷ്ണന്‍,അക്കൗണ്ട്‌സ് ഓഫീസര്‍ സീന, സുപ്രണ്ട് അപര്‍ണ്ണ എന്നിവരടങ്ങുന്ന സംഘം വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്ത ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ വീണ്ടും പരീക്ഷ എഴുതാനാവില്ലന്ന നിലപാട് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അവരെ അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് പഠിച്ചത് ഒരു മാസം കൊണ്ട് വീണ്ടും പഠിച്ച് എഴുതാനാവില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. സംഭവ ദിവസം പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സ്‌കൂളുകളിലെ 14 അധ്യാപകരില്‍ നിന്നും തെളിവെടുപ്പ് നടത്തി.റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അനന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
അധ്യാപകനെതിരെ ഇപ്രകാരം വകുപ്പുതല അന്വേഷണവും നടപടികളും പുരോഗമിക്കുന്നതിനിടെ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ ചുമതലയുള്ള മുക്കം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.വി.ബാബു സ്‌കുളിലെത്തി ഹയര്‍ സെക്കന്ററി വിഭാഗം ജീവനക്കാര്‍, പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആരോപണ വിധേയരായ അധ്യാപകര്‍ മൂന്നു പേരും ഒളിവിലാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ, അധ്യാപകന്‍ നിഷാദ്, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളധ്യാപകനും പരീക്ഷയുടെ ഡ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവരെ സര്‍വ്വീസില്‍ നിന്നു സസ്പന്റ് ചെയ്തിട്ടുമുണ്ട്.പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം നേടാനാണ് സാധ്യത.ഐ പി സി 419,420,465,468 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Post Your Comments