കൊല്ലം : ബാങ്ക് അക്കൗണ്ട് ഉടമകള്‍ അറിയാതെ അക്കൗണ്ടില്‍ പണം നഷ്ടമാകുന്നതായി പരാതി. വിവരങ്ങള്‍ കൈമാറാതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഒട്ടേറെപ്പേര്‍ക്കാണ് പതിനായിരക്കണക്കിനു രൂപ നഷ്ടമായിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്, ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷന്‍ എടിഎം കൗണ്ടറില്‍ നിന്നു നടത്തിയ തട്ടിപ്പിന് ഇരയായതു കൊട്ടാരക്കര കലയപുരം സ്വദേശിനിയായ വീട്ടമ്മ.
കൊട്ടാരക്കര എസ്ബിഐ ബ്രാഞ്ചിലെ ഇവരുടെ ഫാമിലി പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നു മണിക്കൂറുകള്‍ക്കുള്ളില്‍ 80,000 രൂപയാണു നഷ്ടപ്പെട്ടത്. കവര്‍ച്ചാ സംഘം 8 തവണയായി 10,000 രൂപ വീതമാണു പിന്‍വലിച്ചത്. ആദ്യത്തെ തവണ കൃത്യം 10,000 നല്‍കിയ ബാങ്കിങ് സംവിധാനം അടുത്ത ഓരോ തവണയും 23 രൂപ (ആകെ 161 രൂപ) കൂടി സര്‍വീസ് ചാര്‍ജായും പിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 29നു രാത്രി 11നും 12നും മധ്യേ ആയിരുന്നു പണം നഷ്ടപ്പെട്ടത്. രാവിലെ ഉണര്‍ന്നപ്പോഴാണു അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായുള്ള സന്ദേശം കണ്ടത്. ഉടന്‍ തന്നെ കൊട്ടാരക്കരയിലെ ബാങ്ക് ശാഖയെ സമീപിക്കുകയും കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്നു കൊട്ടാരക്കര റൂറല്‍ എസ്പിക്കു പരാതിയും നല്‍കി. കാര്‍ഡ് ബ്ലോക്ക് ചെയ്ത ശേഷവും 30നു രാത്രി ഇതേ അക്കൗണ്ടില്‍ നിന്നു തന്നെ പണം തട്ടാന്‍ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്‌മെന്റ് എടുത്തു പരിശോധിച്ചപ്പോഴാണു പട്‌ന റെയില്‍വേ സ്റ്റേഷനിലെ എടിഎം കൗണ്ടറില്‍ നിന്നാണു പണം പിന്‍വലിച്ചതെന്നു ബോധ്യപ്പെട്ടത്. ഒരു മാസം കാക്കാനാണു ബാങ്ക് അധികൃതര്‍ പരാതിക്കാരോടു നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Post Your Comments