കൊച്ചി: കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ നടന്ന കവര്‍ച്ച. ഈ കൊള്ളസംഘം പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്.
ഉപയോഗശൂന്യമായ എടിഎം ബാങ്കുകളില്‍ നിന്ന് ലേലംവിളിച്ചെടുത്ത് എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ളസംഘം പരിശീലനം നേടിയിരുന്നെന്നു പൊലീസ് കണ്ടെത്തി. പത്തുമിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ മികവുറ്റ പരിശീലനമാണ് ഇവർ നേടിയിരിക്കുന്നതെന്നും ഇരുന്നൂറോളം പേരാണ് മേവാത്തി ഗ്യാങ്ങിലുള്ളതെന്നും പോലീസ് പറഞ്ഞു.
23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി വന്നത് ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ്. മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെ നിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നും പറഞ്ഞ പോലീസ് യാത്രയുടെ റിഹേഴ്‌സല്‍ നടത്തിയിരിക്കാനും സാധ്യതയുണ്ടെന്നും സംശയിക്കുന്നു.
മോഷ്ടിച്ച കാറുകളിൽ പത്തുപേരില്‍ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണ് ഇവർ കവര്‍ച്ച നടത്തുന്നതെന്നും പോലീസ് സൂചിപ്പിച്ചു. മോഷണത്തിനുശേഷം കാര്‍ ട്രക്കില്‍ കയറ്റി സ്ഥലം വിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ അതിര്‍ത്തി കടക്കാനും കഴിയും.
Post Your Comments