പാലക്കാട്: ചിറ്റൂര്‍ സ്പിരിറ്റ് കേസിലെ പ്രതിയായ മുന്‍ സിപിഎം നേതാവിന് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നല്‍കിയിരുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് പാലക്കാട് തത്തമംഗലത്ത് നിന്ന് 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അത്തിമണി അനിലാണ് പ്രതി. അനിലിന്റെ തെങ്ങിന് തോപ്പുകളില്‍ ഒരു പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. അനിലിനായി എക്സൈസ് ഇന്റലിജന്‍സ് തെരച്ചില്‍ തുടരുകയാണ്. മൂന്ന് ദിവസമായി മുങ്ങി നടക്കുന്ന അനിലിന് വേണ്ടി അതിര്‍ത്തി പ്രദേശത്ത് എക്സൈസ് ഇന്റലിജന്‍സ് തെരച്ചില്‍ നടത്തി. ഇയാള്‍ അതിര്‍ത്തിക്കപ്പുറമെന്നാണ് സൂചന. അനിലിന് ഒത്താശ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എന്നാല്‍ എക്സൈസ് തിരയുന്ന അത്തിമണി അനിലിനെ സംരക്ഷിക്കുന്നത് ഉന്നതപൊലീസ് ഉദ്യോഗസ്ഥരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എസ്ഐയെ ആക്രമിച്ച കേസുള്‍പ്പെടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും ജനതാദള്‍ എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊഴിയുണ്ടായിട്ടും പൊലീസ് പ്രതിയാക്കിയില്ല എന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. അനിലനായിപ്രാദേശിക നേതാക്കള്‍ എക്സൈസ് സംഘത്തെ സ്വാധീനിക്കാന്‍ ശ്രമം തുടരുന്നുണ്ടെന്നും വിവരമുണ്ട്. കേസിനെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ അനിലിന് ഗോപാലപുരം, മീനാക്ഷിപുരം ഭാഗങ്ങളിലാണ് പാട്ടത്തിനുള്‍പ്പെടെ തെങ്ങിന് തോപ്പുകളുളളത്. ഇവിടങ്ങളില്‍ എത്ര കളളുത്പാപാദിപ്പിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ജില്ലയിലെ എക്സൈസിന് കൈവശമില്ല. ഒരു പരിശോധയും നടന്നിട്ടുമില്ല.ഇക്കാര്യത്തില്‍ എക്സൈസ് ജില്ല അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ കണ്ടത്തല്‍.
Post Your Comments