ആലപ്പുഴ: 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം ഉയർന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പില്‍ പരിശോധന നടത്തുന്നത്. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്‌തെന്ന് ആണ് ഇവർ പറയുന്നത്.
ഇരു സമുദായത്തിലുള്ള കലയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിർത്തിയശേഷം ഭർത്താവ് പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി. എന്നാൽ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
വഴക്കിനെത്തുടർന്ന് കല വീട്ടിലേക്ക് തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കുവേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടെ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.
മൂന്നുമാസത്തിനു മുൻപ് ഇത് സംബന്ധിച്ച് മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് പൊലീസ് കേസിൽ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമം നടത്തിയതോടെയാണ് വിവരങ്ങൾ പുറത്തായത്.
അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം.
Post Your Comments