KeralaInternational

പ്രതികളുടെ അറസ്റ്റ് അറിഞ്ഞ് കലയുടെ ഭർത്താവിന് രക്തസമ്മർദ്ദം കൂടി, മൂക്കിൽനിന്നും രക്തം വന്ന് ഇസ്രായേലിൽ ചികിത്സയിൽ

ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൃതദേ​ഹം ഒളിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മാന്നാർ കുട്ടമ്പേരൂർ സ്വദേശിയുമായി കല അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിന്റെ പേരിലാണ് ഭർത്താവ് അനിലും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത് എന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചൻ, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാർ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങൾ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു.

ആലപ്പുഴയിൽനിന്നുള്ള ഫൊറൻസിക് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിസരത്തായിരുന്നു പരിശോധന. കലയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടെന്ന പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞിരുന്നു.

അതിനിടെ, കലയുടെ ഭർത്താവ് അനിൽ ഇസ്രയേലിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് റിപ്പോർട്ട്. രക്തസമ്മർദ്ദം കൂടിയതിന് പിന്നാലെ അനിലിന്റെ മൂക്കിൽനിന്നും രക്തം വന്നതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കലയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികൾ പിടിയിലായത് അറിഞ്ഞതിന് പിന്നാലെയാണ് അനിലിന് ശാരീരികാസ്വസ്ഥതകൾ ഉണ്ടായത്.

അനിൽ ചികിത്സ തേടിയ വിവരം ഇസ്രയേലിലെ ആശുപത്രിയിലെ ഡോക്ടർമാരാണ് അനിലിന്റെ ബന്ധുക്കളെ വിളിച്ചറിയിച്ചത് എന്നാണ് പൊലീസിന് ലഭിച്ച സൂചന. ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്നും ബന്ധുക്കളിൽനിന്ന് അനിൽ അറിഞ്ഞിരുന്നു. തുടർന്നാണു രക്തസമ്മർദം കൂടിയതെന്നാണു വിവരം.

മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന വെളിപ്പെടുത്തലിൽ ഇന്നലെയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ജിനു, പ്രമോദ്, സോമരാജൻ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറാണ് കേസിലെ ഒന്നാംപ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button