കുവൈത്തിന്റെ വികസനപാതയിലെ നാഴികക്കല്ലായ ശൈഖ് ജാബിര്‍ കോസ് വേ അമീര്‍ രാജ്യത്തിനു സമര്‍പ്പിച്ചു. വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ഷെയ്ഖ് ജാബിര്‍ കോസ് വേ ആറു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കുവൈത്തിന്റെ വികസന ചരിത്രത്തിലെ അഭിമാന പദ്ധതിയാണ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജബ്രി അല്‍ സ്വബാഹ് രാജ്യത്തിനു സമര്‍പ്പിച്ചത്. ബുധനാഴ്ച കാലത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോന്‍ മുഖ്യാതിഥിയായിരുന്നു. ഭരണതലത്തിലെ മറ്റ് പ്രമുഖരും വിദേശ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. കിരീടാവകാശി ഷെയ്ഖ് നവാഫ് സാല് അഹമ്മദ് അല്‍സ്വബാഹ് , പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, പ്രധാനമന്ത്രി ശൈഖ് മുബാറ ജാബിര്‍ അല്‍ സ്വബാഹ് എന്നിവര്‍ക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
ഗസാലി അതിവേഗ പാതയിലെ സിഗ്‌നല്‍ പോയന്റില്‍നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസര്‍ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്കു 12.4 കിലോമീറ്റര്‍ നീളമാണുള്ളത്. കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ആണ് പാലം പണിയുടെ മേല്‍നോട്ടം നിര്‍വഹിച്ചത്. കുവൈത്ത് സിറ്റിയില്‍ രണ്ട് ദിശയിലേക്കു നീളുന്ന പാലത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കടലിനു മുകളിലൂടെയാണ് കടന്നു പോകുന്നത്.പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5കിലോമീറ്റര്‍ ആയി കുറയും. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ശൈഖ് ജാബിര്‍ പാലത്തില്‍ ഒരുക്കിയിട്ടുള്ളത്.
Post Your Comments