കോട്ടയം: കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മേയ് 27 ന് പുലര്‍ച്ചെ ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഒന്നാം പ്രതി ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞു.
നേരത്തെ നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരന്‍ ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്‍കി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും ആറാം സാക്ഷിയായ ബെന്നി വ്യക്തമാക്കി.
അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞാണ് ഇയാള്‍ വന്നതെന്നും ബെന്നി പറഞ്ഞു. നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു. എന്നാല്‍ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.
Post Your Comments