KeralaLatest NewsNews

കൂടത്തായ് റോയ് വധക്കേസ്: 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും

കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാക്ഷി വിസ്താരത്തിൻ്റെ തിയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.

ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറല്‍ എസ്പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ് മാത്യു, സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button