കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിലേക്ക് വരാനിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സെറാംപൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്
”ദീദീ, മെയ് 23-ന് ഫലം പുറത്തുവന്നാല്‍ എല്ലായിടത്തും താമര വിരിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ എല്ലാം പുറത്തു വരും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടും. ഇന്ന് പോലും, നിങ്ങളുടെ 40 എംഎല്‍എമാര്‍ എന്നോടൊപ്പമാണ്”, മോദി പറഞ്ഞു.ആകെ 295 സീറ്റുകളാണ് പശ്ചിമബംഗാളില്‍ ഉ ള്ളത്. കഴിഞ്ഞ തവണ ഇതില്‍ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മമതാ ബാനര്‍ജി അധികാരത്തിലെത്തിയത്.
കേവലഭൂരിപക്ഷം 148 സീറ്റുകളാണ് ബംഗാള്‍ നിയമസഭയില്‍. 40 എംഎല്‍എമാര്‍ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരത്തിന് പ്രശ്‌നമൊന്നും വരില്ല. പക്ഷേ, നാല്‍പ്പത് പേര്‍ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയരംഗത്ത് വലിയ വിവാദമാകുമെന്നുറപ്പാണ്.പശ്ചിമബംഗാളില്‍ ആകെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.
മമതാ ബാനര്‍ജിക്ക് തുടരാന്‍ ബുദ്ധിമുട്ടാകുമെന്നും ശാരദാ ചിട്ടിതട്ടിപ്പ് കേസുകളുള്‍പ്പടെ ചൂണ്ടിക്കാട്ടി മോദി പ്രസംഗത്തില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ എട്ട് സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments