KeralaLatest NewsElection NewsCandidatesElection 2019

ഇടിമിന്നല്‍ മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം; തോമസ് ചാഴിക്കാടന്‍

തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു യുഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരില്‍ നാലുവട്ടം എംഎല്‍എ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തുണയാകും.പ്രതിസന്ധി ഘട്ടങ്ങളില്‍ രണ്ടാം തവണയാണു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ തേടിയെത്തുന്നതും.

1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം. ഏറ്റുമാനൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബാബു ചാഴിക്കാടന്‍, അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തലയുമൊത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു ഇടിമിന്നലേറ്റു. ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല തെറിച്ചുവീണു. നേതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.മാറ്റിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനായി തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായി. അങ്ങനെ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന അദ്ദേഹം, മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറി.

1991 ഉപതെരഞ്ഞെടുപ്പില്‍ വൈക്കം വിശ്വനെ 889 വോട്ടുകള്‍ക്കാണ് തോമസ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. 1996ല്‍ വൈക്കം വിശ്വന്‍ (ഭൂരിപക്ഷം-13873), 2001ല്‍ തമ്പി പൊടിപാറ (ഭൂരിപക്ഷം-20144), 2006ല്‍ കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (ഭൂരിപക്ഷം-4950) എന്നിവരെ പരാജയപ്പെടുത്തി. മണ്ഡല പുനഃര്‍നിര്‍ണയത്തിനുശേഷം നടന്ന 2011 തെരഞ്ഞെടുപ്പില്‍ ഇടതുഭൂരിപക്ഷ മേഖലയായ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുകയും കുമാരനെല്ലൂര്‍ പഞ്ചായത്ത് അടര്‍ത്തിമാറ്റപ്പെടുകയും ചെയ്തു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുരേഷ് കുറുപ്പിനോടു 1801 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.

എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരെ സമരം ചെയ്തതിന് ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം എന്നിവരോടൊപ്പം ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു. കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button