ArticleLatest News

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ ഉപേക്ഷിക്കുന്നത് വയനാടോ അമേത്തിയോ..

രതി നാരായണന്‍

മാര്‍ച്ച് 31 നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയഭേദമില്ലാതെ അന്ന് ഒരു ചോദ്യമുയര്‍ന്നിരുന്നു പ്രമുഖ ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്തുകൊണ്ട് രണ്ടാമത് ഒരു മണ്ഡലം കൂടി തെരഞ്ഞെടുക്കുന്നു എന്ന്. ഉത്തര്‍പ്രദേശിലെ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തി കൂടാതെ വയനാട്ടിലേക്ക് രാഹുല്‍ കടക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതനുമാകും എന്നാണോ അതോ പ്രതിപക്ഷത്തിന് ആക്രമണം ശക്തമാക്കാന്‍ മറ്റൊരു അബദ്ധം കൂടി കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്നുണ്ടാകുന്നു എന്നാണോ അറിയേണ്ടത്. എന്തായാലും ദക്ഷിണേന്ത്യയിലെ രാഹുലിന്റെ സാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് അവസരമൊരുക്കുന്നത്.

രാഹുല്‍ ഗാന്ധി എന്തിന് രണ്ടാമതൊരു സീറ്റ് ഉറപ്പാക്കണം എന്നതിന് പല കാരണങ്ങളുണ്ടാകും. എതിരാളികള്‍ ആരോപിക്കുന്നതുപോലെ അമേത്തിയില്‍ അദ്ദേഹം പരാജയപ്പെടുമെന്ന് ഭയക്കുന്നുണ്ടാകും. പക്ഷേ ഒരു തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ആദ്യമായി മത്സരിക്കുന്ന വ്യക്തിയല്ലല്ലോ രാഹുല്‍ ഗാന്ധി. മുത്തശ്ശി ഇന്ദിരാ ഗാന്ധി ആന്ധ്രാപ്രദേശിലെ മേഡക്കിലും, റായ് ബറേലിയും 1980 ല്‍ മത്സരിച്ചു. 1999 ല്‍ റായ്ബറേലിയിലും ബെല്ലാരിയിലും മത്സരിച്ച് രണ്ടിടത്തും സോണിയ ഗാന്ധി വിജയിച്ചു. റായ്ബറേലിയില്‍ ബിജെപിയുടെ വിജയാ രാജ്സിന്ധ്യയേയും ബെല്ലാരിയില്‍ സുഷമ സ്വരാജിനെയുമായിരുന്നു അന്ന് സോണിയ പരാജയപ്പെടുത്തിയത്. അടുത്തകാലത്ത്, 2014-ല്‍ വാരണാസിക്ക് പുറമേ വഡോദരയില്‍ നരേന്ദ്രമോഡി സുരക്ഷിത സീറ്റ് കണ്ടെത്തിയിരുന്നു. രണ്ടിടത്തും അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇക്കുറിയും വാരണാസിയില്‍ നിന്ന് മത്സരിക്കുന്ന മോദി എതിരാളിയായി നെഹ്റു കുടുംബത്തിലെ പ്രിയങ്ക ഗാന്ധി എത്തിയാല്‍ മറ്റൊരു സുരക്ഷിത സീറ്റില്‍ കൂടി മത്സരിച്ചേക്കും. ഇങ്ങനെയൊക്കിരിക്കെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ എന്തിനാണ് വിമര്‍ശനം.

കര്‍ണാടകം, തമിഴ്നാട് അതിര്‍ത്തിയിലുള്ള മണ്ഡലം എന്നതിനാല്‍ വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് അനുയായികള്‍ക്കു് പ്രചോദനമാകുമെന്നും വോട്ടിംഗ് ശതമാനം ഉയരുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വയനാട് കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലമാണെന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ ഇതിനിടയില്‍ വയനാട്ടില്‍ 2009 ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എംഐ ഷാനവാസിന്റെ ഭൂരിപക്ഷം 2014 ല്‍ 1.5 ലക്ഷത്തില്‍ നിന്ന് വെറും ഇരുപതിനായിരത്തിലെത്തിയത് കോണ്‍ഗ്രസ് നേതൃത്വം മറന്നിട്ടില്ലല്ലോ. മാത്രമല്ല രണ്ടായിരത്തി പതിനാലിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വയനാട് ഒരു ലക്ഷ്യമായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും വയനാട്ടില്‍ വോട്ടുറപ്പിക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ വിജയം മാത്രമല്ല അദ്ദേഹം നേടുന്ന ഭൂരിപക്ഷത്തിനും ഏറെ പ്രസക്തിയുണ്ട്. കഴിഞ്ഞ വര്‍ഷം സിറ്റിംഗ് എംപി എംഐ ഷാനവാസിന്റെ മരണത്തെത്തുടര്‍ന്ന് അനാഥമായി കിടക്കുകയാണ് വയനാട് മണ്ഡലം.

ഇനി, വയനാട്ടിലും അമേത്തിയിലും രാഹുലിന് ഉജ്വജ്വല വിജയം ലഭിച്ചെന്നിരിക്കട്ടെ. ഏത് മണ്ഡലമാണ് രാഹുല്‍ ഉപേക്ഷിക്കാന്‍ പോകുന്നത്. അമേത്തിയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ഉപേക്ഷിച്ചാല്‍ ആ മണ്ഡലത്തിലെ ജനങ്ങളോട് മാത്രമല്ല ദക്ഷിണേന്ത്യയോട് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാട്ടുന്ന വിശ്വാസ വഞ്ചനയായിരിക്കും അത്. വയനാട്ടിലെ എംപിസ്ഥാനം സ്വീകരിച്ച അമേത്തി ഉപേക്ഷിച്ചാല്‍ നെഹ്രുകുടുംബത്തിലെ ഇളമുറക്കാരനോട് അമേത്തിയിലെ ജനങ്ങള്‍ പൊറുക്കുമോ. അത് എന്നേക്കുമായി അമേത്തി കോണ്‍ഗ്രസിന് നഷ്ടമാക്കുന്ന വിധത്തിലാക്കാന്‍ ബിജെപിക്ക് കഴിയും. അമേത്തിയില്‍ നിന്ന് വയനാട് എംപിയായി രാഹുല്‍ നിലനിന്നാല്‍ അത് രാഷ്ട്രീയ തട്ടകമായ ഡല്‍ഹിയില്‍ നിന്ന് രാഹുലിനെ അകറ്റുന്നത് കൂടിയായിരിക്കും.

സ്വന്തം മണ്ഡലമായ വഡോദര ഉപേക്ഷിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസി ഏറ്റെടുത്തത്. വാരാണസിയിലെ എംപിയായിരിക്കെ തന്നെ വഡോദരയുടെ ഹൃദയത്തുടിപ്പുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കനും ജനങ്ങളുടെ പ്രിയ നേതാവായി തുടരാനും മോദിക്ക് കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം. അമേത്തിയില്‍ നേട്ടങ്ങളുടെ കണക്കെടുക്ക് നടത്തുന്നത് സിറ്റിംംഗ് എംപിയായ രാഹുല്‍ അല്ല രാഹുല്‍ മത്സരിച്ച് തോല്‍പ്പിച്ച എതിര്‍സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിയാണ്. പരാജയപ്പെട്ട മണ്ഡലത്തില്‍ ഓടിനടന്ന് ജനങ്ങളുടെ ആദരം പിടിച്ചുപറ്റാന്‍ കഴിഞ്ഞതാണ് സ്മൃതിയെ അതേ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍്ഥിയാക്കുന്നതും രാഹുലിന് വയനാട്ടിലേക്ക് സുരക്ഷിതനാകാന്‍ പോകേണ്ടി വന്നതിനും പിന്നില്‍. ഇടതുമായി രാജ്യം മുഴുവന്‍ സഖ്യത്തിലാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നതിനിടെയാണ് ബിജെപിയേയും തോല്‍പ്പിക്കുന്ന വിധം സിപിഐഎം കേരളത്തില്‍ രാഹുലിനെ വിമര്‍ശിക്കുന്നത്. ഒരിക്കല്‍ സഖ്യത്തിലായിരുന്ന ഇനിയും അതാകേണ്ട രണ്ട് ശരക്തികള്‍ പരസ്പരം വിമര്‍ശിച്ച് ശത്രുക്കളാകുമ്പോള്‍ അത് ആശ്വാസം നല്‍കുന്നത് ബിജെപിയ്ക്കല്ലാതെ മറ്റാര്‍ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button