Latest NewsArticle

രാഹുലിനെ വയനാടന്‍ മണ്ണിലെത്തിക്കുന്നത് അമേത്തിയിലെ പരാജയഭീതിയോ.. ?

രതി നാരായണന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേരളമിപ്പോള്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്നത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ ആഗ്രഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. രാഹുല്‍ വന്നാല്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകുമത്രേ. ഇക്കാര്യത്തില്‍ അന്തിമതീരുമാനം രാഹുല്‍ ഗാന്ധി തന്നെ എടുക്കേണ്ടിവരും.രാഹുല്‍ തീരുമാനിച്ചാല്‍ പിന്നെ എതിര്‍ക്കാന്‍ ആരുണ്ട്. എന്തായാലും ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ കാത്തിരിക്കാം. കേരളത്തിലെ ജനങ്ങള്‍ക്ക് രാഹുല്‍ വയനാട്ടില്‍ മത്സരിരക്കാന്‍ എത്തുന്നത് സുവര്‍ണാവസരമാണെന്നാണ് കോണ്‍ഗ്രസ് പാടി നടക്കുന്നത്. കോണ്‍ഗ്രസിന്റെ പരമോന്നതനേതാവും ഭാവി പ്രധാനമന്ത്രിയായി പാര്‍ട്ടി കൊണ്ടുനടക്കുന്നതുമായ ഒരാള്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാകുന്നതിന് തീര്‍ച്ചയായും ചരിത്രപരമായ പ്രാധാന്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതുപോലെ അത് കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടുന്ന സുവര്‍ണാവസരമാകുന്നതെങ്ങനെയാണ്.

ഉറപ്പിച്ചില്ലെങ്കില്‍ പോലും കോണ്‍ഗ്രസ് കൊണ്ടാടുന്ന രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിന് തലവേദനയാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുല്‍ മത്സരിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ബിജെപിയോടാണ് മത്സരിക്കേണ്ടതെങ്കില്‍ വയനാട്ടില്‍ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടതുമുന്നണി ഒരുക്കമാണോ എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ സിപിഎം നിലപാട് മാറ്റി. രാഹുല്‍ഗാന്ധിയെ രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്നാണ് സിപിഐഎം പറയുന്നത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് അത് നല്‍കുന്നതെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു. അതേസമയം വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി ആലോചന തുടങ്ങി. നിലവില്‍ ബിഡിജെഎസിനാണ് വയാനട്ടിലെ സീറ്റ്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ബിഡിജെഎസില്‍ നിന്ന് ബിജെപി സീറ്റ് ഏറ്റെടുത്തേക്കും. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാല്‍ സീറ്റ് മാറ്റുന്നതില്‍ ബിജെപിയും ബിഡിജെഎസും ചര്‍ച്ച നടത്തും.

എന്തായാലും പതിയെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന കേരളം ഒറ്റദിവസം കൊണ്ട് ഉണര്‍ന്നുകഴിഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് അഭിമാനവും സന്തോഷവും സമ്മാനിക്കുമ്പോള്‍ ബിജെപിക്കത് നല്ലൊരു ആയുധമാണ്. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് രാഹുലിന്റെ നേരിട്ടുള്ള സാന്നിധ്യം ഇടതുപക്ഷത്തിന് ശക്തമായ തിരിച്ചടി തന്നെയാകും. കോണ്‍ഗ്രസിന്റെ കോണ്‍ക്രീറ്റ് മണ്ഡലമായ അമേത്തിയില്‍ നിന്ന് വയനാട്ടിലേക്ക് രാഹുലിനെ എത്തിക്കുന്നത് പരാജയഭീതിയാണെന്നാണ് ബിജെപി നടത്തുന്ന പ്രചാരണം. അതിന് ശക്തമായ തെളിവുകളും അവര്‍ നിരത്തുന്നുണ്ട്. ഫലത്തില്‍ രാഹുല്‍ ഗാന്ധി അമേത്തി വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് കൂടി കടക്കുമ്പോള്‍ എന്തുകൊണ്ടും അത് ഗുണകരമാകുന്നത് അമേത്തിയിലെ എതിര്‍സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് തന്നെയാകും. 2014ല്‍ ഒരുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത്. അമേഠിയില്‍ വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ ദക്ഷിണേന്ത്യന്‍ പ്രവേശം.

1977ല്‍ ജനതാ പാര്‍ട്ടിയും 1998ല്‍ ബിജെപിയും അമേത്തി പിടിച്ചെടുത്തു. പക്ഷേ മറ്റ് ് തെരഞ്ഞെടുപ്പുകളിലെല്ലാം അമേത്തിയില്‍ കോണ്‍ഗ്രസ് അപ്രതിരോധ്യരായി നിലകൊണ്ടു. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയകോണ്‍ഗ്രസിലെ പ്രബലര്‍ ജനവിധി തേടിയ മണ്ഡലം വിവിഐപി മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെടുകയും ചെയ്തു. 2004ലാണ് രാഹുല്‍ ഗാന്ധി ഇവിടെ ജനവിധി തേടിയെത്തിയത്. അന്നുമുതല്‍ ഇന്നുവരെ അദ്ദേഹം തന്നെയാണ് അമേത്തിയുടെ നായകന്‍. 2014ല്‍ രാഹുലിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് വരുത്തി ബിജെപിയില്‍ താരമാകുകയായിരുന്നു. 3,70,198ല്‍നിന്നും 1,07,903 ആയാണ് അന്ന് രാഹുലിന്റെ ഭൂരിപപക്ഷം കുറഞ്ഞത്. സ്മൃതിയുടെ സാന്നിധ്യത്തില്‍ 2,62,295 വോട്ടുകളാണ് രാഹുലിന് നഷ്ടപ്പെട്ടത്. 37,570 ആയിരുന്ന ബിജെപി വോട്ടുകള്‍ 3,00,748ലെത്തുകയും ചെയ്തു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തുടര്‍ന്നു. അമേത്തി ലോക്സഭാ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭാ സീറ്റുകളില്‍ ഒരിടത്തും കോണ്‍ഗ്രസ്സിന് ജയിക്കാന്‍ സാധിച്ചില്ല. ബിജെപി നാല് സീറ്റ് പിടിച്ചപ്പോള്‍ ഒരിടത്ത് സമാജ്വാദി പാര്‍ട്ടി ജയിച്ചു. ഇതൊക്കെ പരിശോധിക്കുമ്പോള്‍ ബിജെപി ആരോപിക്കുന്നതുപോലെ അമേത്തിയില്‍ രാഹുലിന് വിശ്വാസം നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാഹുലിനെതിരെ മത്സരിച്ച് തോറ്റെങ്കിലും രാഷ്ട്രീയരംഗത്ത് സ്മൃതിയുടെ യഥാര്‍ത്ഥ വിജയത്തുടക്കമാകുകയായിരുന്നു ആ പരാജയം. രാഹുലിനെ തറപറ്റിക്കാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ച സ്മൃതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രീതിക്ക് പാത്രമായി കേന്ദ്രമന്ത്രിസ്ഥാനം വരെ നേടി. കേന്ദ്രമന്ത്രിയായതിന് ശേഷവും അമേത്തിയുമായുള്ള ബന്ധം സ്മൃതി തുടര്‍ന്നു. നിരന്തരം മണ്ഡലം സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച സ്മൃതി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടുമെന്ന ഭയം കോണ്‍ഗ്രസിന് നന്നായുണ്ട്. പ്രധാനമായും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇവിടെ മത്സരം. ബിഎസ്പി-എസ്പി സഖ്യം അമേത്തിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന ുള്ള പിന്തുണയായിട്ടും രാഹുലിന്റെ ആത്മവിശ്വാസം ചോര്‍ന്നിട്ടുണ്ടാകണം. എന്തായാലും രാഹുല്‍ വയനാടന്‍ മണ്ണില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് അത് വലിയ ആയുധം തന്നെയാകും. പരാജയ ഭീതികൊണ്ടാണോ അതോ ദക്ഷിമേന്ത്യയില്‍ കോണ്‍ഗ്രസിന് കരുത്തു നല്‍കാനാണോ രാഹുല്‍ വരുന്നതെന്നാണ് ഇനി അറിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button