ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീട്ടിക്കൊണ്ടു പോകരുതെന്നു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ചര്‍ച്ചയിലൂടെ ഏകദേശ ധാരണയുണ്ടാക്കണമെന്നും തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തണമെന്നും ദേശീയ നേതൃത്വം നേതാക്കളോട് ആവശ്യപ്പെട്ടു.വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ഉചിത തീരുമാനം സ്വീകരിക്കണമെന്നുമാണു ഹൈക്കമാന്‍ഡ് നിലപാട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത മണ്ഡലങ്ങളില്‍ 2 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനെത്താനാണു നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നാളെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്കു രൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിനിടയില്‍ ധാരണ അനിവാര്യമാണെന്നു ദേശീയ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നു ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി. ഇവര്‍ക്കു മേല്‍ ദേശീയ നേതൃത്വം സമ്മര്‍ദം ചെലുത്തില്ല.16നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. യോഗത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും പങ്കെടുക്കും. ഇടതുപക്ഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കോണ്‍ഗ്രസ് പട്ടിക വൈകുന്നതില്‍ സിറ്റിങ് എംപിമാരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.
Post Your Comments