KeralaLatest News

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്ത് വക്കേണ്ട ഒന്നല്ല; മുരളി തുമ്മാരുകുടി എഴുതുന്നു

ലോകത്ത് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതല്‍ ജപ്പാന്‍ വരെ, ചൈന മുതല്‍ കെനിയ വരെ, ആളുകള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരോടൊപ്പം ആണ് ജീവിക്കുന്നത്. വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും.

സ്നേഹം നിഷേധിച്ചതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ഒക്കെ പേരില്‍ കൊല്ലാനും ആക്രമിക്കാനും ഒക്കെ മലയാളി സമൂഹം വളര്‍ന്നു കഴിഞ്ഞു. സ്‌നേഹത്തിന്റെ പേരില്‍ കൊഴിഞ്ഞുവീണ എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഓരോ ആഴചയിലും ഒട്ടേറെ ഉദാഹരണങ്ങള്‍ ആണ് മാധ്യമങ്ങളിലൂടെ നമുക്ക് ചുറ്റും എത്തുന്നത്. മൂക്കത്ത് വിരല്‍ വെച്ച് കഷ്ടം എന്നുപറഞ്ഞുകൊണ്ട് നാം ഇവയെ ഒക്കെ തള്ളുമ്പോള്‍ ഒന്നോര്‍ക്കുക ഒരുപക്ഷെ നാളെ നമ്മളോ നമുക് വേണ്ടപ്പെട്ടവരോ ഒക്കെ ഇത്തരം സംഭവങ്ങള്‍ക്ക് ഇരകളാകുന്നത്. എവിടെയാണ് മലയാളി സമൂഹത്തിനു പിഴച്ചത് എന്നതിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും..

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്ത് വക്കേണ്ട ഒന്നല്ല. പക്ഷെ കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവും ആയി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു. അവ കൂടി വരികയാണോ എന്നറിയാന്‍ ഉള്ള ഗവേഷണം ഞാന്‍ നടത്തിയിട്ടില്ല, പക്ഷെ നമ്മെ നടുക്കുന്ന സംഭവങ്ങള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നുണ്ട്.

സ്‌നേഹിച്ച പെണ്‍കുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം, സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദര്‍ശിന്റെ കഥയാണ് മറ്റൊന്ന്.

ഈ ആഴ്ചയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ രണ്ടുണ്ടായി. എറണാകുളത്ത് മുന്‍ കാമുകിയെ കാണാന്‍ രാത്രിയില്‍ എത്തിയ ആളെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. ഇന്ന് രാവിലെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത് അടുത്തത്.

ലോകത്ത് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും, അമേരിക്ക മുതല്‍ ജപ്പാന്‍ വരെ, ചൈന മുതല്‍ കെനിയ വരെ, ആളുകള്‍ അവര്‍ക്ക് ഇഷ്ടം ഉള്ളവരോടൊപ്പം ആണ് ജീവിക്കുന്നത്. വിവാഹം കഴിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് പറയുന്നു. മറുഭാഗത്തും ഇഷ്ടം ഉണ്ടെങ്കില്‍ പിന്നെ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ഒക്കെ ചെയ്താല്‍ മാറി ജീവിക്കുന്നു. ഇതിനിടയില്‍ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

നമ്മുടെ സ്‌നേഹത്തിന് മാത്രം ഇതെന്ത് പറ്റി ?

പല പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്നാമത് ഇന്ത്യന്‍ സിനിമകള്‍ ഒക്കെ കണ്ടു വളരുന്ന നമുക്ക് ഒരു പെണ്‍കുട്ടി നിങ്ങളെ ഇഷ്ടമില്ല എന്ന് പറഞ്ഞാല്‍ അത് കേട്ട് മാറിപ്പോകാന്‍ ഉള്ള സാമാന്യ ബോധം ഇല്ല. കാരണം ‘ഒന്നല്ലെങ്കില്‍ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി’, അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയാലും ‘ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന’ പെണ്‍കുട്ടി. ഇവരൊക്കെ ആണ് നമ്മുടെ മുന്നിലുള്ള മാതൃകകള്‍. ‘No means NO’ എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നോ യുടെ പുറകെ ആളുകള്‍ പെട്രോളും ആയി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും ‘വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട’ അത്ര തന്നെ. അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകള്‍ ഉറപ്പായും മനസ്സിലാക്കണം.

രണ്ടാമത്തെ പ്രശ്‌നം രണ്ടുപേര്‍ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ മൂന്നാമൊതൊരാള്‍ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളെ സ്വകാര്യമാണ്. ആര്‍ക്ക് ആരോട് എപ്പോള്‍ ഇഷ്ടം തോന്നുമെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ രണ്ടു പേര്‍ തമ്മില്‍ ഇഷ്ടം ആന്നെന്ന് കണ്ടാല്‍ അതിന്റെ നടുക്ക് കയറി നില്‍ക്കാന്‍ മറ്റാര്‍ക്കും, മാതാപിതാക്കള്‍ക്കെന്നല്ല ഭര്‍ത്താവിന് പോലും, നിയമപരമായി ഒരു അവകാശവും ഇല്ല എന്നിപ്പോള്‍ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നില്‍ക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. അതുകൊണ്ടു തന്നെ ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ആ ബന്ധം നിങ്ങള്‍ക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തില്‍ നിങ്ങള്‍ക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാന്‍ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും.ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാല്‍ രണ്ടു ദേഷ്യം കൊണ്ട് ജയിലില്‍ നിന്നും പുറത്തു വരാന്‍ പറ്റില്ല.

‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്ന് പാടിയ നാടല്ലേ. ഇവിടെ സ്‌നേഹത്തിന്റെ പേരില്‍ ചോര വീഴുന്നത് ശരിയല്ല.

മുരളി തുമ്മാരുകുടി.

https://www.facebook.com/thummarukudy/posts/10217180601042453

shortlink

Related Articles

Post Your Comments

Related Articles


Back to top button