അബുദാബി: അബുദാബിയിലെ ഈ അത്ഭുതം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നു. ഇനി ഇവിടേയ്ക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരിയ്ക്കും. പ്രശസ്തമായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ആണ് തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും നാലുമുതല്‍ 17-വരെ വയസ്സുള്ളവര്‍ക്ക് 30 ദിര്‍ഹവുമായിരിക്കും പ്രവേശന ടിക്കറ്റുനിരക്ക്.
അബുദാബിയിലെ ഈ മനോഹരമായ നിര്‍മിതി ആദ്യമായാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുന്നത്. കൊട്ടാരത്തിലെ പൂന്തോട്ടവും അകത്തളവുമെല്ലാം ടിക്കറ്റെടുക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാം. പൂന്തോട്ടംമാത്രം സന്ദര്‍ശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്ക് 12 ദിര്‍ഹവുമാണ് നിരക്ക്. ദിവസവും രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് സന്ദര്‍ശന സമയം. അരമണിക്കൂര്‍ കൂടുന്ന ഇടവേളകളില്‍ ഗൈഡഡ് ടൂര്‍ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും കൊട്ടാരത്തെക്കുറിച്ചുള്ള വിശദീകരണവും ലഭിക്കും. ഈ സേവനത്തിനായി ഒരാള്‍ക്ക് 30 ദിര്‍ഹം വേറെ നല്‍കണം. ഒരു ടൂറില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തുക. ഒന്നരമണിക്കൂറായിരിക്കും ടൂര്‍ ദൈര്‍ഘ്യം. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂര്‍ ലഭ്യമാവുക.
കൗണ്ടറില്‍നിന്നും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും. കൊട്ടാരത്തിന്റെ ഗേറ്റില്‍നിന്നും പ്രത്യേക ബസ് സേവനവും സന്ദര്‍ശകര്‍ക്കുണ്ടാവും. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗജന്യമാണെങ്കിലും വാലെ പാര്‍ക്കിങ്ങിന് 80 ദിര്‍ഹം നല്‍കണം. 9.30 മുതല്‍ രാത്രി 9.30 വരെ പാര്‍ക്കിങ് ലഭിക്കും. പ്രത്യേക പരിചരണം ആവശ്യമായവര്‍ക്ക് 40 ദിര്‍ഹം നല്‍കിയാല്‍ പുഷ് അപ്പ് കസേരകള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് മുഴുവന്‍ കൈയും മറയ്ക്കുന്ന വസ്ത്രവും പുരുഷന്മാര്‍ക്ക് പാന്റ്‌സും നിര്‍ബന്ധമാണ്. സ്ലീവ്‌ലെസ് ടോപ്പുകളും ചെറിയ ട്രൗസറും ധരിച്ചവര്‍ക്ക് പ്രവേശനമില്ല. കൊട്ടാരത്തിലെ പൊതുസ്ഥലങ്ങളില്‍ ഫോട്ടോകളെടുക്കാം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും ചിത്രം പകര്‍ത്താന്‍ പാടില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള ചിത്രീകരണങ്ങള്‍ക്ക് contact@qsaralwatan.ae- ല്‍ പ്രത്യേക അനുമതി തേടണം. വൈഫൈ സൗജന്യമാണ്. കൊട്ടാരവളപ്പില്‍ അഞ്ച് ഭക്ഷണശാലകളുണ്ട്. വിശ്രമകേന്ദ്രവും പ്രാര്‍ഥനാ മുറികളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.
സ്‌കാനറുകളില്‍ കൊള്ളാത്ത വലിയ ബാഗ്, കത്തി, കത്രിക, നീളമുള്ള കുട, മദ്യം, പെയിന്റ്, സൈക്കിള്‍, ഫോള്‍ഡിങ് ബൈക്ക്, റോളര്‍ സ്‌കേറ്റര്‍, മൃഗങ്ങള്‍, ആയുധം, കണ്ണീര്‍വാതകം തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. ക്ലോക്ക് റൂം, ലോക്കര്‍ സംവിധാനങ്ങളില്ല.
Post Your Comments