കണ്ണനല്ലൂർ: തൃക്കോവിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് രോഗികൾ വലഞ്ഞു. തുടർന്ന്, സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂട്ടുതകർത്താണ് അകത്ത് കയറിയത്.
തൃക്കോവിൽവട്ടം കുടുംബാരോഗ്യം ആണ് തുറക്കാൻ വൈകിയത്. കേന്ദ്രത്തിന്റെ താക്കോൽ രണ്ടു ജീവനക്കാരുടെ കൈയിലാണ്. അവരിലൊരാൾ രണ്ടു ദിവസമായി ലീവിലാണ്. ലീവിൽ പോകുമ്പോൾ താക്കോൽ സെന്ററിനകത്തു വച്ചിട്ടാണ് പോയത്.
മറ്റൊരാൾ ബലിതർപ്പണത്തിനായി പോയതാണ് തുറക്കാൻ രണ്ടു മണിക്കൂർ വൈകാൻ കാരണമായത്. രാവിലെ എട്ടിന് ഡോക്ടറും മറ്റ് ജീവനക്കാരും എത്തിയെങ്കിലും തുറക്കാത്തതിനാൽ വലഞ്ഞു. താക്കോൽ കൊണ്ടുപോയ നഴ്സിങ് അസിസ്റ്റന്റിനെ വിളിച്ചപ്പോഴാണ് ബലിതർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട് വർക്കലയിലാണെന്ന് പറഞ്ഞത്. ജീവനക്കാരൻ വരാൻ താമസിക്കുമെന്ന് വ്യക്തമായതോടെയാണ് പൂട്ട് പൊളിക്കാൻ തീരുമാനിച്ചത്.
Post Your Comments