പന്തളം : അമ്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പു കഴിഞ്ഞു തളയ്ക്കാൻ കൊണ്ടുവന്ന ആന വിരണ്ടോടി. സമീപമുണ്ടായിരുന്ന കാറും തട്ടയിൽ ജ്യോതി ഭവനിൽ യശോധരന്റെ വീടിന്റെ മതിലും തകർത്തു . ഇന്നലെ പുലർച്ചെ 4 മണിയോടെ നരിയാപുരത്തു നിന്നു തുമ്പമൺ മുട്ടം വരെ ആന വിരണ്ടോടി.തുടർന്ന് പന്തളം– പത്തനംതിട്ട റോഡിൽ എത്തി തുമ്പമൺ വഴി രാവിലെ 7 മണിയോടെ മുട്ടം താഴത്ത് എത്തി റോഡിനു കുറുകെ നിലയുറപ്പിച്ചു.
ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിലും വൈദ്യുതി തൂണിലും കുത്തി.വെൺമണി കോയിപ്പുറത്ത് ഗോപാലകൃഷ്ണൻ നായരുടെ നീലകണ്ഠൻ എന്ന ആനയാണ് വിരണ്ടോടിയത്. ഇതോടെ ഈ റോഡിലെ ഗതാഗതം തടസപ്പെട്ടു. തുമ്പമണ്ണിലേക്ക് വരുന്ന വഴി മൂന്ന് വൈദ്യുതി തൂണുകളും കുത്തിമറിക്കാൻ ശ്രമം നടത്തി.
ആനയ്ക്കൊപ്പം മേൽനോട്ടക്കാരനായ മുടിയൂർക്കോണം സ്വദേശി അഖിലും സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് വിവരം അറിഞ്ഞെത്തിയ മുൻ പാപ്പാൻ മനു ആണ് ആനയെ അനുനയിപ്പിച്ച് അടുത്തുള്ള റബർ തോട്ടത്തിൽ തളച്ചത്. തുടർന്ന് പഴവും ഓലയും കുടിക്കാൻ വെള്ളവും നൽകി. സമീപമുള്ള കിണറുകളിൽ നിന്നു വെള്ളം കോരിയെത്തിച്ച് ശരീരം തണുപ്പിച്ചു.
Post Your Comments