![](/wp-content/uploads/2025/02/keerthi-896x538-1.webp)
കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിക്കായി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച 11 ന് വനംമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി.
എ ഡി എമ്മുമായി കൂടിയാലോചിച്ചാവും റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അവര്‍ കൊയിലാണ്ടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ക്ഷേത്രത്തിലെത്തി സംഭവസ്ഥലം പരിശോധിച്ചു. ആശുപത്രിയിലെത്തി പരുക്കേറ്റവരെയും സന്ദര്‍ശിച്ചു. ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ മൊഴിയെന്നും കീര്‍ത്തി പറഞ്ഞു.
വിശദപരിശോധന നടന്നുവരികയാണ്. മൊഴികള്‍ രേഖപ്പെടുത്തിവരുന്നു. രണ്ടാനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്.
കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്.
Post Your Comments