
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന ഓഫീസ് കെട്ടിടം തകർത്തെന്നും ഇതിനടിയിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചതെന്നും പ്രദേശവാസി. വെടിക്കെട്ടിന് പിന്നാലെ പിറകിലുണ്ടായിരുന്ന ആന മുന്നിലെ ആനയെ കുത്തുകയായിരുന്നു. തുടർന്ന് ആന ഓഫീസ് കെട്ടിടം തകർത്തെന്നും സ്ത്രീകളുള്‍പ്പെടെയുള്ളവർ കെട്ടിടത്തിനടിയിലായിപ്പോയെന്നും പ്രദേശവാസി ബാലകൃഷ്ണൻ പറഞ്ഞു.
“എന്റെ കണ്‍മുന്നിലാണ് സംഭവം നടക്കുന്നത്. ഉത്സവത്തിന് കൊണ്ടുവന്ന ആനകള്‍ അമ്പലം ചുറ്റുന്നതിനിടെയാണ് ഇടഞ്ഞത്. സാധാരണ വെടിക്കെട്ട് നടത്തുന്നത് ഗ്രൗണ്ടില്‍ നിന്നാണ്. എന്നാല്‍ അമ്പലത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്. അതിന് പിന്നാലെയാണ് ആന ഇടയുന്നത്. പിറകിലെ ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി. കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു. ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു. ആളുകള്‍ ഇതിനടിയിലായിപ്പോയി.”- ബാലകൃഷ്ണന്‍ പറഞ്ഞു.
കെട്ടിടത്തിന്റെ സമീപത്തും ഓഫീസിനകത്തും ഉണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരും കെട്ടിടത്തിനടിയിലായിപ്പോയി. മരിച്ച രണ്ടുപേര്‍ കെട്ടിടത്തിനടിയില്‍പ്പെട്ടുപോയവരാണ്. ആന പ്രത്യേകമായി ആരേയും ഉപദ്രവിച്ചില്ല. ഓഫീസിന്റെ വരാന്തയിലുള്ളവര്‍ കെട്ടിടത്തിന്റെയടിയില്‍ പെട്ടുപോയതാണ്. ആന കയറിവരുമ്പോള്‍ കാലിനടിയില്‍ ആളുകള്‍ പെട്ടിട്ടുണ്ടാകും. പരിക്കേറ്റവരെ കിട്ടാവുന്ന വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടയില്‍ മണക്കര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. രണ്ട് സ്ത്രീകള്‍ക്ക് പിന്നാലെയാണ് ഒരു പുരുഷന്റെയും മരണം സ്ഥിരീകരിച്ചത്. വടക്കയില്‍ രാജന്‍ ആണ് ദാരുണമായി മരിച്ചത്. കുറവങ്ങാട് സ്വദേശികളായ അമ്മുക്കുട്ടി, ലീല എന്നിവർ മരിച്ചതായി ആദ്യം സ്ഥിരീകരിച്ചിരുന്നു. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് വിവരമുണ്ട്.
അതേസമയം, മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോര്‍ട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. 29 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞത്.
Post Your Comments