കല്‍പറ്റ: റിസോര്‍ട്ട് ജീവനക്കാരന്റെ അപകടമരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സ്വകാര്യ റിസോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരനായ കടച്ചിക്കുന്ന് മാമല വീട്ടില്‍ സണ്ണിയുടെ അപകട മരണമാണ് (50) കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.. സംഭവവുമായി ബന്ധപ്പെട്ട് സണ്ണിയുടെ സുഹൃത്ത് കടച്ചിക്കുന്ന് പള്ളിത്തൊടിക പി.പി. റഷീദിനെ (35) അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി കല്‍പറ്റ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. വീട് നിര്‍മാണത്തിനായി സണ്ണിയുടെ പക്കല്‍ നിന്നു പ്രതി റഷീദ് 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ ചോദിച്ചതാണു കൊലപാതകത്തിലേക്ക് നയിച്ചത്.
റിപ്പണ്‍ കടച്ചിക്കുന്നിലെ സ്വകാര്യ റിസോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനായ സണ്ണിയെ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണു പാടിവയല്‍-കടച്ചിക്കുന്ന് റോഡരികില്‍ വീണു കിടന്ന ബൈക്കിനരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
മരണത്തെക്കുറിച്ച് തുടക്കത്തില്‍ തന്നെ ബന്ധുക്കള്‍ സംശയം പ്രകടിച്ചിരുന്നു. മേപ്പാടി പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് പറയുന്നത്: സംഭവദിവസം രാത്രിയോടെ സണ്ണിയും പ്രതി റഷീദും ബാറില്‍ പോയി മദ്യപിച്ചു. ബാറില്‍നിന്ന് ഇറങ്ങിയ ശേഷം ഇരുവരും കൂടി സണ്ണിയുടെ ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു. സണ്ണിയാണ് ബൈക്ക് ഓടിച്ചിരുന്നത്. യാത്രാമധ്യേ ഇരുവരും തമ്മില്‍ പണത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീണു.
റോഡില്‍ വീണ ബൈക്ക് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്കിലുണ്ടായിരുന്ന ഹെല്‍മറ്റ് എടുത്ത് പ്രതി സണ്ണിയുടെ പുറത്ത് ഇടിച്ചു. നിലത്തു വീണ സണ്ണിയുടെ തലയുടെ പിറകില്‍ ശക്തിയായി വീണ്ടും അടിച്ചു. സണ്ണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണവും പ്രതി കവര്‍ന്നു. തുടര്‍ന്ന് ആരും കണ്ടില്ലെന്നു ഉറപ്പുവരുത്തി സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. അപകട മരണമാണെന്ന് കരുതി കേസ് എഴുതിത്തള്ളുമെന്നാണു പ്രതി വിചാരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഒളിവില്‍ പോകാനുള്ള നീക്കങ്ങള്‍ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്.
Post Your Comments