രാമനാഥപുരം•85 ദിവസങ്ങള്‍ക്ക് ശേഷം രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. 2018 ഡിസംബര്‍ നാല് മുതലാണ് പാമ്പന്‍ കടല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ മണ്ഡപം സ്റ്റേഷനും രാമേശ്വരത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വച്ചത്.
പാലത്തിന്റെ ഇരുമ്പ് ഗ്ലൈഡറുകളില് വിള്ളല്‍ കണ്ടതിനെത്തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി മണ്ഡപം വരെയാക്കി ചുരുക്കിയത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.
വാരണാസി എക്സ്പ്രസ്, ചെന്നൈ-രാമേശ്വരം എക്സ്പ്രസ്, തിരുപ്പതി-രാമേശ്വരം എക്സ്പ്രസ്, മധുരൈ-രാമേശ്വരം പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ പുലര്‍ച്ചെ പാലത്തിലൂടെ കടന്നുപോയി. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ട്രെയിനുകള്‍ 15 മിനിട്ടു കൊണ്ടാണ് പാലം കടന്നത്.
1914 ല്‍ തുറന്ന പാമ്പന്‍ പാലം, 1988 ല്‍ റോഡ് പാലം തുറക്കുന്നത് വരെ വന്‍കരയിലെ രാമനാഥപുരത്തെയും രാമേശ്വരം ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേയൊരു മാര്‍ഗമായിരുന്നു. ബോട്ടുകളും കപ്പലുകളും കടന്നുപോകുമ്പോള്‍ നടുവില്‍ ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മ്മാണം.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള നിലവിലെ പാലത്തിന് പകരം പുതിയ കടല്‍പ്പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 250 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments