ഉച്ചയൂണിന് ഇത്തിരി മീന്‍ കറിയോ വറുത്ത മീനോ നിര്‍ബന്ധമുള്ളവരാണ് പലരും. എന്നാല്‍ ഇന്ന് വ്യത്യസ്തമായൊരു മീന്‍ വിഭവം ഉണ്ടാക്കിയാലോ? നത്തോലി,നത്തല്‍, കൊഴുവ, എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു കുഞ്ഞന്‍ മത്സ്യമുണ്ട്. നത്തോലി. ഇത്തിരിക്കുഞ്ഞനാണെങ്കിലും പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ ഇത് മുന്‍പന്തിയിലാണ്. ഇതാ നത്തോലി കൊണ്ട് ഒരു അടിപൊളി തോരന്‍….
ആവശ്യമായ ചേരുവകള്‍
നത്തോലി – അര കിലോ
തേങ്ങ ചിരകിയത് – അര മുറി
കാന്താരി മുളക് – 4, 5 എണ്ണം (പച്ചമുളക് ആയാലും മതി
ചെറിയ ഉള്ളി – 8 എണ്ണം
വെളുത്തുള്ളി – 4 അല്ലി
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി – അര ടീസ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷണം
കുടം പുളി – 2 എണ്ണം (പച്ച മാങ്ങ വേണമെങ്കില്‍ പുളിക്ക് പകരം ചേര്‍ക്കാവുന്നതാണ്)
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
കറി വേപ്പില – 3 തണ്ട്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
നെത്തോലി കഴുകി വൃത്തിയാക്കി എടുക്കുക. തേങ്ങ ചിരകിയത് മഞ്ഞള്‍ പൊടി, മുളകുപൊടി, കാന്താരിമുളക്, ചെറിയഉള്ളി , വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില എന്നിവ ചേര്‍ത്ത് ചതച്ചു എടുക്കുക .
ഒരു മീന്‍ ചട്ടിയില്‍ / പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് (മീഡിയം ചൂട് മതി) രണ്ട്തണ്ട് കറി വേപ്പില അതുപോലെ വെച്ച്, അതിലേക്കു നെത്തോലി മീനും തേങ്ങ അരച്ചതും കുടം പുളിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കണം.വെള്ളം നല്ലത് പോലെ വറ്റി കഴിഞ്ഞ് തീ അണക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വെച്ചതിനു ശേഷം ഒരു സ്പൂണ്‍ വെളിച്ചെണ്ണ തോരന് മുകളില്‍ തൂവുക, ചട്ടി ഒന്ന് ചുറ്റിച്ച ശേഷം ഒരു അഞ്ചു മിനിറ്റ് അടച്ച് വെക്കുക. നത്തോലി തോരന്‍ റെഡി. മീന്‍ പീരയെന്നും അറിയപ്പെടുന്ന ഈ വിഭവം ചെറിയ മത്തി ഉപയോഗിച്ചും ഉണ്ടാക്കാം.
Post Your Comments