തിരുവല്ല: കൊമ്പന്‍ ജയരാജിന് ഇനി തന്റെ തുമ്പിക്കൈ ഉയര്‍ത്താം. നീണ്ട് വളര്‍ന്ന കൊമ്പുകള്‍ മുറിച്ച് മാറ്റിയതോടെയാണ് ആന ജയരാജിന് പുതു ജീവന്‍ ലഭിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആനയാണ് ജയരാജ്. നീണ്ട കൊമ്പുകള്‍ തുമ്പിക്കൈയ്ക്കു മുന്നില്‍ വളഞ്ഞിരിക്കുന്നതിനാല്‍ തുമ്പിക്കൈ ഒന്നു ഉയര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് ജയരാജിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റുകയായിരുന്നു.
കൊമ്പുകള്‍ മൂലം 22 വയസ്സുള്ള ജയരാജിന് കൊമ്പുകള്‍ മൂലം വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വന്നിരുന്നത്. ഭക്ഷണം കഴിക്കാനുള്ള പ്രയാസത്തിനൊപ്പം കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദനയും സഹിച്ചായിരുന്നു ജയരാജിന്റെ ജീവിതം.
കൊമ്പുകള്‍ മൂലം ദുരിതം അനുഭവിക്കുന്ന ജയരാജിന്റെ അവസ്ഥയെ കുറിച്ച് ആനപ്രേമികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. വലത്തേ കൊമ്പ് ഒരടിയോളം നീളത്തില്‍ ആദ്യം മുറിച്ചുനീക്കി. രക്തം വരുന്നില്ലായെന്ന് ഉറപ്പുവരുത്തിയശേഷം വാളുകൊണ്ടും പിന്നീട് ഉളികൊണ്ടും ചെത്തിമിനുക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജയരാജിന്റെ കൊമ്പ് മുറിക്കല്‍. അതേസമയം ആനയെ കെട്ടിയിടുന്ന സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനും ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
Post Your Comments