കൊച്ചി: മലയാളത്തിലെ തിരക്കേറിയ യുവ നായികമാരില്‍ ശ്രദ്ധേയയായ അനു സിതാര തമിഴിലേക്ക്. ‘അമീറ’ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് അനു തമിഴില്‍ രണ്ടാംവരവിന് തയ്യാറെടുക്കുന്നത്. നടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘അമീറ’.
അനു സിതാരയെമാത്രം ഉള്‍പ്പെടുത്തിയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നവാഗതനായ കെ സുബ്രഹ്മണ്യം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ആര് കെ സുരേഷാണ് നായകന്. രാഷ്ട്രീയ പ്രവര്ത്തകന് സീമാന്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കും. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ചെഴിയനാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. തരുണ്‍ ഗോപി സംവിധാനംചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘വെറി’യാണ് അനു സിതാരയുടെ ആദ്യ തമിഴ്ചിത്രം.
സുരേഷ് അച്ചൂസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ അനു സിതാര ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയസ്ഥാനമാണ് നേടിയത്. ഒരു ഇന്ത്യന്‍ പ്രണയകഥ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറുതെങ്കിലും പ്രേക്ഷകപ്രശംസ നേടിയ വേഷങ്ങളിലും നടി തിളങ്ങി.
2017ല്‍ രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാമന്റെ ഏദന്‍ തോട്ടത്തില്‍ കരുത്തുറ്റ നായികയായി പ്രേക്ഷകര്‍ അനു സിതാരയെ കണ്ടു. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന് തുടങ്ങി അടുത്തിടെ അനു സിതാര നായികയായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
Post Your Comments