ചെന്നൈ: തമിഴർക്ക് ജനിക്കുന്ന കുട്ടികൾക്ക് തമിഴ് പേരിടണമെന്ന നിർദ്ദേശം നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന വിവാഹവിരുന്നിൽ വധൂവരന്മാർക്ക് ആശംസകൾ നേർന്നപ്പോഴാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവായ കരുണാനിധി, ആറു മക്കളിൽ അഞ്ചുപേർക്കും തമിഴ് പേരാണ് ഇട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തന്റെ പേരിൽ മാത്രം മാതൃഭാഷാ സ്നേഹം കാണാൻ സാധിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള ആദരസൂചകമായിട്ടാണ് പിതാവ് തനിക്ക് ഈ പേര് നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കരുണാനിധിക്ക് മൂന്നാമത്തെ മകൻ ജനിച്ച് നാലു ദിവസം കഴിഞ്ഞാണ് സ്റ്റാലിൻ അന്തരിക്കുന്നത്.
ഈ സമയത്ത് കരുണാനിധി ചെന്നൈയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞയുടൻ തന്നെ, മകന് സ്റ്റാലിനെന്ന് പേരിട്ടതായി അദ്ദേഹം പ്രഖ്യാപനം നടത്തി. തനിക്ക് അയ്യാദുരൈ എന്ന പേരിടാനാണ് പിതാവ് തീരുമാനിച്ചിരുന്നതെന്ന് സ്റ്റാലിൻ വെളിപ്പെടുത്തി.
Post Your Comments