എത്രത്തോളം കുഴിക്കുന്നുവോ അത്രത്തോളം കിട്ടുന്ന അക്ഷയ ഖനിയാണ് പൊന്നാനിയെന്നും പൊന്നാനിയുടെ മൂന്നാം വികസന ഘട്ടമാണ് ടൂറിസമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കേരള സര്‍ക്കാരിന്റെ 1000 ദിന പൂര്‍ത്തീകരണ ആഘോഷങ്ങളുടെ ഭാഗമായി കര്‍മ്മ റിംഗ് റോഡ് ഉദ്ഘാടനം, കര്‍മ്മ റോഡ് സൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം, നിള ഹെറിറ്റേജ് മ്യൂസിയം ക്യൂറേഷന്‍ പ്രവൃത്തികളുടെ ഉദ്ഘാടനം, പൊന്നാനി സംഗീത ക്ലബുകളുടെ കൂട്ടായ്മയായ മെഹ്ഫില്‍ ഉദ്ഘാടനം, എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു ടൂറിസ്റ്റ് ഹബ്ബായി പൊന്നാനി മാറുമെന്നും നിളയോരത്തൈ സ്വകാര്യ വ്യക്തികളെ ഏകോപിച്ച് വികസന മാറ്റം വരുത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. ചരിത്രത്തെ ആയുധ പുരയാക്കിയാണ് മുന്നേറേണ്ടതെന്നും ഇന്നത്തെ കാലഘട്ടത്തിന്റെ പ്രധാന ആവശ്യം അതാണെന്നും സ്പീക്കര്‍ പറഞ്ഞു. സൂഫി സംഗീത അക്കാദമി നിള പൈതൃകഗ്രാമത്തില്‍ സ്ഥാപിക്കും. സമഗ്രയിലുള്ള വികസനമാണ് പൊന്നാനിയില്‍ വിവിധ പദ്ധതികള്‍ വഴി നടപ്പാക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കര്‍മ്മ റോഡ് സൗന്ദര്യവത്ക്കരണത്തിനായി നാല് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 32 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കര്‍മ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിയും പൂര്‍ത്തിയാവുകയാണ്. കര്‍മ്മ റോഡിനെ പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ വരെ നീട്ടുന്നതാണ് രണ്ടാം ഘട്ടം. ഇതിനായി പള്ളിക്കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊന്നാനിയിലെ സാമൂഹ്യ സന്നദ്ധ സംഘടനയായ കര്‍മ്മയുടെ നേതൃത്വത്തില്‍ 42 സാംസ്‌ക്കാരിക സംഘടനകളും, ബഹുജനങ്ങളും, വിദ്യാര്‍ത്ഥികളുമാണ് കര്‍മ്മ റോഡ് നിര്‍മിച്ചത്. വാഹന പെരുപ്പമുണ്ടാകുന്നതിന് മുമ്പ് തന്നെ പൊന്നാനിയില്‍ ബൃഹത്തായ ഒരു സമാന്തര റോഡ് എന്ന ആശയത്തിന് തുടക്കമിട്ടാണ് കുറ്റിക്കാട് മുതല്‍ ജിം റോഡ് വരെയുള്ള പുഴയോരത്തെ ഒന്നര കിലോമീറ്റര്‍ ഭാഗത്ത് ചരല്‍ റോഡ് നിര്‍മ്മിച്ചത്.
രണ്ടാം ഘട്ടമായി ജിം റോഡ് മുതല്‍ കനോലി കനാല്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ ഭാഗം ഗതാഗത യോഗ്യമാക്കുകയും ചെയ്തു. പൊതുജനങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തില്‍ ഭാരതപ്പുഴയോരത്തെ കിലോമീറ്ററുകളോളം ഭാഗം ഗതാഗത യോഗ്യമായെങ്കിലും റോഡിന്റെ വിപുലമായ നിര്‍മ്മാണമാരംഭിച്ചത് 2011 ല്‍ മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പൊന്നാനിയെ പ്രതിനിധീകരിച്ച കാലഘട്ടത്തിലായിരുന്നു. 14 കോടി രൂപയാണ് അന്ന് തുക അനുവദിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടല്‍ മൂലം കര്‍മ്മ റോഡിന്റെ രണ്ടു റീച്ചുകളും പൂര്‍ത്തീകരിച്ചു. സ്പീക്കര്‍ വിഭാവനം ചെയ്ത നിള ഹെറിറ്റേജ് മ്യൂസിയം നിളയുടെ ചരിത്ര സാംസ്‌കാരിക പൈതൃകവും പൊന്നാനിയുടെ കലാ സാംസ്‌കാരിക പൈതൃകവും പുതുതലമുറയ്ക്ക് അനുഭവേദ്യമാകുന്ന തരത്തിലാണ് ഒരുക്കുന്നത്. സ്പീക്കറുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍ നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിക്കുന്നത്. 2016 ലാണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടേക്കറില്‍ 17,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ ചുമതല ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടീവ് സൊസൈറ്റിക്കാണ്. ഭിന്നശേഷി സൗഹൃദവും കാഴ്ചാ പരിമിതര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുമാണ് മ്യൂസിയത്തിന്റെ നിര്‍മാണം. രാജ്യത്തെ ആദ്യ ബ്ലൈന്‍ഡ് ഫ്രീ മ്യൂസിയം കൂടിയാണിത്. കാഴ്ചാ പരിമിതര്‍ക്ക് സുഗമമായി നടക്കുന്നതിന് മാര്‍ഗദര്‍ശന ടാക്ട് ടൈലും നിലത്ത് പതിച്ചിട്ടുണ്ട്. ഓരോ ഇടത്തും തയ്യാറാക്കിയ കിയോസ്‌കുകളിലൂടെ നയനേതര കാഴ്ചക്കാര്‍ക്ക് മ്യൂസിയത്തിലെ കാഴ്ചകള്‍ ഗ്രഹിക്കുവാനും ആസ്വദിക്കുവാനും കഴിയും.
Post Your Comments