തിരുവനന്തപുരം: ദേശീയ മത്സരങ്ങളില്‍ കിട്ടിയ മൂന്നു മെഡലുകളുമായി തിരിച്ചുവന്ന ഫ്രാങ്ക് നെല്‍സണ്‍ ബുധനാഴ്ച തീവണ്ടിയില്‍ നിന്ന് വെറും കൈയോടെ ഇറങ്ങി വീട്ടിലേക്കു പോയി. അഭിമാനത്തോടെ നെഞ്ചിലണിഞ്ഞ മെഡലുകള്‍ സൂക്ഷിച്ച ബാഗ് തീവണ്ടി നാട്ടിലെത്താറായപ്പോള്‍ മോഷണം പോയിരുന്നു.
ആ മെഡലുകള്‍ വീട്ടിലും സ്‌കൂളിലും കാണിക്കാന്‍ കഴിയാതായി. പള്ളിത്തുറ എഡ്‌നാ നിലയത്തില്‍ ഏലിയാസ് നെല്‍സണിന്റെയും മേരി എഡ്‌നായുടെയും മകനാണ് ഫ്രാങ്ക് നെല്‍സണ്‍. പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ് ഈ പതിനേഴുകാരന്‍. സായ്-എല്‍.എന്‍.സി.പി.ഇ.യില്‍, കോച്ച് വിശ്വജിത്തിന്റെ കീഴില്‍ പരിശീലിക്കുന്ന ഫ്രാങ്ക് മുന്‍ കൊല്ലങ്ങളിലും സൈക്കിളിങ്ങിന് ദേശീയ മെഡലുകള്‍ നേടിയിട്ടുണ്ട്.
ഇത്തവണ ജയ്പുരില്‍ നടന്ന ദേശീയ ട്രാക് സൈക്കിളിങ് ചാമ്പന്‍ഷിപ്പില്‍ ഫ്രാങ്ക് നെല്‍സണ് സ്;ക്രാച്ച് റേസ് മത്സരത്തില്‍ സ്വര്‍ണവും ടീം പര്‍സ്യൂട്ട് ഇനത്തില്‍ വെങ്കലവും കിട്ടി. അതു കഴിഞ്ഞ്, പുണെയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസിലെ മാസ് സ്റ്റാര്‍ട്ട് ഇനത്തിലും സ്വര്‍ണമണിഞ്ഞാണ് ഫ്രാങ്ക് തിരുവനന്തപുരത്തേക്കു മടങ്ങിയത്. 16331-ാം നമ്പര്‍ മുംബൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസിന്റെ എസ്- 6 കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു മടക്കയാത്ര
ദേശീയ മത്സരത്തിനു പോയ വേറെ ആറു കുട്ടികളും കോച്ചും രണ്ടു മാനേജര്‍മാരും ഇതേ കംപാര്‍ട്ട്;മെന്റില്‍ ഉണ്ടായിരുന്നു. ഇവരുടെ ബാഗുകള്‍ അടുത്തുള്ള അപ്പര്‍ സൈഡ് ബര്‍ത്തില്‍ അടുക്കിവെച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഫ്രാങ്ക് ഉറങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്കു മുമ്പ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി, ഉണര്‍ന്നു നോക്കിയപ്പോള്‍ ഫ്രാങ്കിന്റെ ബാഗ് കാണാനില്ല. കോച്ച് മെബിന്റെ ഷൂസും നഷ്ടപ്പെട്ടിരുന്നു. കംപാര്‍ട്ട്‌മെന്റിന്റെ മധ്യഭാഗത്തെ ബര്‍ത്തില്‍ നിന്ന് വലിയൊരു ബാഗ് വണ്ടിയില്‍ നിന്നു വെളിയില്‍ വീണ് നഷ്ടപ്പെടാന്‍ സാധ്യതയില്ല. രാവിലെ തന്നെ റെയില്‍വേ പോലീസില്‍ പരാതി കൊടുത്തു.
Post Your Comments