വാഷിങ്ടൺ: ഇറാഖ്, സിറിയ രാജ്യങ്ങൾ ഭീകര വിമുക്തമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടു രാജ്യങ്ങളെയും ഇസ്‌ലാമിക് സ്റ്റേറ്റ് വിമുക്തമായി ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഔദ്യോഗിക വിവരം ലഭിച്ചാൽ അടുത്തയാഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകര പ്രവർത്തനത്തിനെതിരെ ആഗോളസഖ്യത്തിലുള്ള രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു ട്രംപ്. യോഗത്തിൽ 80 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും നയതന്ത്രപ്രതിനിധികളും പങ്കെടുത്തു. ഇറാഖിലും സിറിയയിലും രാജ്യത്തിന്റെ ഒരുശതമാനം പ്രദേശം മാത്രമാണ് ഇപ്പോൾ ഐ.എസിന്റെ നിയന്ത്രണത്തിലുള്ളത്.
യു.എസ്. സൈന്യവും സിറിയൻ ഡെമോക്രാറ്റിക് സേനയും സംയുക്ത നീക്കത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ യു.എസ്. സൈന്യവും സഖ്യകക്ഷികളും ചേർന്ന് 20,000 ചതുരശ്ര മൈൽ പ്രദേശമാണ് ഇരുരാജ്യങ്ങളിൽനിന്നായി ഐ.എസിൽനിന്ന് തിരിച്ചുപിടിച്ചത്. 50 ലക്ഷത്തിലധികം ജനങ്ങളെ ഐ.എസ്. നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു.
Post Your Comments