Latest NewsNewsInternational

സിറിയ വീണ്ടും അശാന്തിയിലേയ്ക്ക്: നിരവധി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി, 1000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയ:  ബഷര്‍ അല്‍ അസദിനെ സിറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് അസദ് അനുകൂലികളും സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 1000 പേര്‍. അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെറും 48 മണിക്കൂറുകള്‍ കൊണ്ടാണ് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടത്. നിരവധി സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിച്ച് തെരുവുകളിലൂടെ നടത്തിയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അസദ് അനുകൂലികളായ അലവൈറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ സൈന്യത്തിന്റെ ചെക് പോസ്റ്റുകള്‍ക്കും വാഹനവ്യൂഹങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഇപ്പോഴും ആക്രമണം തുടരുന്ന ലതാകിയ, ടാര്‍ട്ടസ് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും ആക്രമണമുണ്ടായ ഭൂരിഭാഗം മേഖലകളിലുടേയും നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചുപിടിച്ച് കഴിഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അസദ് അനുകൂലികള്‍ ആയുധം താഴെവയ്ക്കണമെന്ന് സിറിയന്‍ പ്രതിരോധ മന്ത്രാലയം നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

അസദ് ഭരണത്തിന്റെ പതനത്തിന് ശേഷം തങ്ങള്‍ തൊഴിലുകളില്‍ തഴയപ്പെടുന്നുവെന്നും നിരന്തരം ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നുമാണ് അലവൈറ്റ് ന്യൂനപക്ഷത്തിന്റെ പ്രതിനിധികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറയുന്നത്. അസദ് ഭരണകാലത്തെ സുരക്ഷാ സേനയില്‍ ടൈഗര്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന സുഹൈല്‍ അല്‍ ഹസ്സന്‍ എന്നയാളാണ് നിലവിലെ സിറിയന്‍ സൈന്യത്തിന്റെ ചെക് പോസ്റ്റുകളെ ആക്രമിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസദിന്റെ ഭരണകാലത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട രാസായുധ ശേഖരം നശിപ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം സിറിയന്‍ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button