ഡമാസ്കസ്: സിറിയയിൽ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ നിയമിച്ചു. ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) ഷാമിന്റെ നേതൃത്വത്തിൽ ഇഡ്ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൽ പ്രധാനമന്ത്രിയാണ് മുഹമ്മദ് അൽ ബഷീർ. നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീറിനെ 2025 മാർച്ച് ഒന്നുവരെയുള്ള കാലത്തേക്കാണ് ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്.
ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ മേധാവി അബൂ മുഹമ്മദ് ജൂലാനിയും ബാഷർ അൽ അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതിനിടെ, സിറിയൻ സൈനികത്താവളങ്ങളിൽ ഇസ്രയേൽ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടർന്നു. സിറിയയുടെ ആയുധശേഖരം വിമതർ കയ്യടക്കാതിരിക്കാനെന്നാണ് ആക്രമണത്തിന് ഇസ്രയേൽ നൽകുന്ന വിശദീകരണം. ഡമാസ്കസിനടുത്തുവരെയെത്തിയെന്ന റിപ്പോർട്ടുകൾ ഇസ്രയേൽസൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളിൽ 400 ചതുരശ്രകിലോമീറ്റർവരുന്ന കരുതൽമേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രയേൽ പറഞ്ഞു. 1973-ലെ യുദ്ധത്തിലാണ് ഇസ്രയേൽ ഈ പ്രദേശം പിടിച്ചെടുത്തത്.
എന്നാൽ, കരുതൽമേഖലയ്ക്ക് കിഴക്ക് കിലോമീറ്ററുകൾ അകലെ ഖതാനയിൽ ഇസ്രയേൽസൈന്യമെത്തിയെന്ന് സിറിയൻകേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. ഇവിടെനിന്ന് ഏതാനും കിലോമീറ്റർമാത്രം അകലെയാണ് ഡമാസ്കസ്.
ഡമാസ്കസിനു വടക്ക് ബർസേഹിലുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രം വ്യോമാക്രമണത്തിൽ ഇസ്രയേൽ തകർത്തു. ലടാക്കിയ തീരത്ത് നങ്കൂരമിട്ടിരുന്ന 10 നാവികസേനാകപ്പലുകളും തകർത്തുവെന്ന് യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. രാസായുധനിർമാണശാലയെന്നുപറഞ്ഞ് 2018-ൽ യു.എസുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ ബർസേഹ് കേന്ദ്രം ആക്രമിച്ചിട്ടുണ്ട്.
അതേസമയം, സിറിയയിലെ പുതിയ അധികാരികളുമായി സംഘർഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേൽ പറഞ്ഞു. പക്ഷേ, ഞായറാഴ്ച അസദ് സർക്കാർ വീണുകഴിഞ്ഞുള്ള ദിവസങ്ങളിലായി ഇസ്രയേൽ സിറിയയിൽ 310 വ്യോമാക്രമണം നടത്തി. സിറിയൻ സംഘർഷത്തിൽ ഇടപെടുകയല്ല, ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ യു.എൻ. രക്ഷാസമിതിയിൽ പറഞ്ഞു.
Post Your Comments