International

സിറിയൻ പ്രസിഡന്റ് ഭാര്യക്കും മക്കൾക്കുമൊപ്പം റഷ്യയിൽ അഭയം തേടി, സിറിയയിൽ ആക്രമണവുമായി ഇസ്രായേൽ

ഡമാസ്‌കസ്: വിമതർ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് റഷ്യയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസൈന്യം ഇന്നലെയാണ് സിറിയയിൽ അധികാരം പിടിച്ചത്. തലസ്ഥാന ന​ഗരം വിമത സേന വളഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് ബഷാർ അൽ അസദ് കുടുംബത്തോടൊപ്പം രാജ്യം വിട്ടത്.

അസദിനും കുടുംബത്തിനും അഭയം നൽകിയത് മാനുഷിക പരി​ഗണനയിലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഒഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദ് ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമാണ് മോസ്കോയിലെത്തിയത്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയം ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു. തീരദേശമേഖല ലക്ഷ്യമാക്കി പറന്ന വിമാനം അവിടെയെത്തിയ ശേഷം എതിർദിശയിൽ തിരിഞ്ഞ് റഡാറിൽനിന്നു മറയുകയായിരുന്നു.

കഴിഞ്ഞ 53 ‍വർഷമായി സിറിയയിൽ തുടരുന്ന അസദ് കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്. 1971 മുതൽ രാജ്യം ഭരിച്ച ഹാഫിസ് അൽ അസദിനു ശേഷം 2000ലാണ് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായത്. മേഖലയിൽ‍ അലയടിച്ച ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011ൽ സിറിയയിൽ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി രൂപം മാറി.

അസദ് ഭരണത്തിന്റെ അന്ത്യം സിറിയൻ ജനത ആഘോഷിക്കുകയാണ്. തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയിൽ ഇരച്ചുകയറി സാധനങ്ങൾ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വിമത സേന ഡമാസ്കസിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button