ജില്ലയിലെ ഫിഷറീസ് വകുപ്പ് രണ്ടുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത് കടലിന്റെ മക്കള്‍ക്ക് സുരക്ഷിത ജീവിതത്തിനായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഓഖി ദുരിത സഹായം, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, നൂതന മത്സ്യവിത്തുല്‍പാദനം, ബ്ലൂ റെവല്യൂഷന്‍ പദ്ധതി തുടങ്ങി ഫിഷറീസ് വകുപ്പ് ജില്ലയില്‍ ആവിഷ്‌ക്കരിച്ച പ്രവര്‍ത്തനങ്ങള്‍ നിരവധിയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി 4,343 മത്സ്യത്തൊഴിലാളികള്‍ക്ക് 86,86,000 രൂപ ധനസഹായം നല്‍കി. ഇക്കാലയളവില്‍ 8,927 കുടുംബങ്ങള്‍ക്ക് 133.9 ടണ്‍ സൗജന്യ റേഷനും നല്‍കി. ഓഖി മൂലം ജില്ലയിലെ തീരദേശ മേഖലകളില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭാഗികമായി തകര്‍ന്ന 40 ഭവനങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നമുറയ്‌ക്ക് തുടങ്ങും. 2016-17 ല്‍ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി 62 പേര്‍ക്ക് 124 ലക്ഷം രൂപ അനുവദിച്ചു. ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 50 മത്സ്യത്തൊഴിലാളികള്‍ക്കായി 25 ലക്ഷം രൂപയാണ് നല്‍കിയത്. ശൗചാലയം ഇല്ലാത്ത 25 മത്സ്യത്തൊഴിലാളികള്‍ക്കായി 4,37,500 രൂപ നല്‍കി. വീട് പുന:വൈദ്യുതികരണത്തിന് 188 പേര്‍ക്ക് 37,60,000 രൂപ വിതരണം ചെയ്‌തു.
2017-18 ല്‍ കടലോരത്ത് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ 200 മീറ്റര്‍ പരിധിയിലേക്ക് മാറ്റുകയും അവരുടെ ഭവനനിര്‍മാണ പദ്ധതിയിലേക്ക് 40 ലക്ഷം രൂപ വകയിരുത്തുകയും ചെയ്‌തു. ഭൂരഹിതരായ 11 മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കുന്നതിനായി 3 സെന്റ് ഭൂമി വാങ്ങി ഭവനനിര്‍മാണം ആരംഭിച്ചു. അഭയം പദ്ധതിയില്‍ 2 പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. ഉള്‍നാടന്‍ മത്സ്യോത്‌പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തില്‍ 17 ഘടക പദ്ധതികള്‍ക്കായി 1.17 കോടി രൂപ വിതരണം ചെയ്‌തു. ശ്യാമ വിപ്ലവം പദ്ധതിയിലൂടെ 50 ലക്ഷം രൂപയും നല്‍കി. തീരദേശ മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കായി രണ്ടുവര്‍ഷ കാലയളവുകളില്‍ 33,336,000 കോടി രൂപ വിതരണം ചെയ്‌തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യമായി രണ്ടുവര്‍ഷത്തിനുള്ളില്‍ 6,880,730 രൂപയാണ് നല്‍കിയത്. പോസ്‌റ്റ് മെട്രിക് വിഭാഗത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷം മുതല്‍ ഇ-ഗ്രാന്റിലൂടെ 6,39,922 രൂപ ധനസഹായം നല്‍കി.
മത്സ്യസമൃദ്ധി പദ്ധതി പ്രകാരം 2016-17 ല്‍ കുളങ്ങളിലേയും ടാങ്കുകളിലേയും മത്സ്യകൃഷിക്കായി 82,50,000 രൂപയും പാടശേഖരങ്ങളിലെ മത്സ്യകൃഷിക്കായി 1,55,00,000 രൂപയും ചെലവഴിച്ചു. ഓരുജല ചെമ്മീന്‍ കൃഷിക്കായി 140 കര്‍ഷകര്‍ക്കായി 71,43,150 രൂപ നല്‍കി. 10 ഞണ്ട് കൃഷി യൂണിറ്റുകള്‍ക്കായി 2 ലക്ഷം രൂപ വിതരണം ചെയ്‌തു. കരിമീന്‍ വളര്‍ത്തുന്നതിനായി അടുക്കള കുളങ്ങള്‍, വലിയ കുളങ്ങള്‍, കൂട് കൃഷി, മീന്‍ ഹാച്ചറി, പ്രദര്‍ശന ഫാമുകള്‍ എന്നിവ തയ്യാറാക്കി. അടുക്കള കുളങ്ങളില്‍ 15,000 കരിമീന്‍ വിത്തുകളും വലിയ കുളങ്ങളില്‍ 10,400 മത്സ്യവിത്തുകളും നിക്ഷേപിച്ചു. 2017-18 ല്‍ തിരഞ്ഞെടുത്ത 39 പാടശേഖരങ്ങളില്‍ മത്സ്യകൃഷി ആരംഭിച്ചു. 1,351 ഹെക്ടറില്‍ 7,53,470 കട്‌ല, 5,39,814 രോഹു, 9,35,866 സൈപ്രിനസ് ഇനങ്ങളിലെ മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു. 6,369 കര്‍ഷകരാണ് ഈ കൃഷിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍ ഉപ പദ്ധതിയിലൂടെ വിവിധ മത്സ്യയൂണിറ്റുകള്‍ക്ക് സബ്‌സിഡി നല്‍കി. ബ്ലൂ റെവല്യൂഷന്‍ പദ്ധതിയ്‌ക്കായി ഇതേവരെ 30,56,750 രൂപ ചെലവഴിച്ചു. മത്സ്യഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പീച്ചിയിലെ മള്‍ട്ടി സ്‌പിഷീസ് ഫിന്‍ ഫിഷ് ഹാച്ചറിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 284 ലക്ഷം രൂപ, രണ്ടാംഘട്ടത്തിന് 180 ലക്ഷം രൂപ, മൂന്നാം ഘട്ടത്തിന് 228.6 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. അഴീക്കോട് റീജ്യണല്‍ ഷ്രിംപ് ഹാച്ചറിയില്‍ 170 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന മറൈന്‍ ഫിന്‍ ഫിഷ് ഹാച്ചറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഹാച്ചറിയോടനുബന്ധിച്ച് 1.10 കോടി രൂപ ചെലവില്‍ അക്വാകള്‍ച്ചര്‍ പരിശീലന കേന്ദ്രവും നിര്‍മാണം പൂര്‍ത്തിയാക്കി. വലപ്പാട്, അഴീക്കോട് ഫിഷറീസ് ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ചു വരുന്നു. വലപ്പാട് 75.5 ലക്ഷം രൂപയും അഴീക്കോട് 41.5 ലക്ഷം രൂപയുമാണ് ആശുപത്രിക്ക് ചെലവഴിക്കുന്ന തുക.
വിദ്യാതീരം പദ്ധതിയില്‍ രണ്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പരിശീലനത്തിന് 2.30 ലക്ഷം രൂപ ചെലവഴിച്ചു. ചാവക്കാട് ഗവ. ഫിഷറീസ് ഹൈസ്‌കൂളിലെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായി 4.5 ലക്ഷം രൂപ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് 1,59,150 ലക്ഷം രൂപയുടെപഠനോപകരണങ്ങള്‍ നല്‍കി. അപകടത്തില്‍പ്പെട്ട 553 മത്സ്യത്തൊഴിലാളികള്‍ക്കായി കടല്‍ മത്സ്യബന്ധന സംരക്ഷണ പദ്ധതിയുടെ ഭാഗമായി 34 ലക്ഷം രൂപ ചെലവഴിച്ചു. ഉള്‍നാടന്‍ മത്സ്യസമ്പത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ 25 ലക്ഷത്തോളം മത്സ്യവിത്ത് നിക്ഷേപിച്ചു കഴിഞ്ഞതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു
Post Your Comments