KeralaLatest NewsNews

സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ, നടപടികൾ ഉടൻ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്തും. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കി വരുന്നു. സുഭിക്ഷ കേരളം പദ്ധതിക്ക് 3600 കോടി രൂപ മാറ്റിവെച്ചതായും ഇതിൽ 1450 കോടി രൂപ കൃഷിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആയിരത്തിലധികം മഴമറകൾ പൂർത്തിയാക്കി. ചെറുപ്പക്കാരും പ്രവാസികളും കൃഷിക്കിറങ്ങിയതിനാൽ തരിശ് ഭൂമി കുറഞ്ഞുവരുന്നു. ഓരോ വാർഡിലും തരിശ്ഭൂമി കൃഷിയോഗ്യമാകുന്നു. കോവിഡ് കാലത്ത് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ നെൽകൃഷി, പഴം, പച്ചക്കറി, ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗ ഉത്പാദനം എന്നിവ ഗണ്യമായി വർദ്ധിച്ചു. ജനപ്രതിധികളുടെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ വീടുകളിലും കന്നുകാലികളെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ വാങ്ങാനുളള സാഹചര്യം ഒരുക്കും. പാൽ ഉൽപ്പാദനത്തിൽ 85% സ്വയംപര്യാപ്തത കൈവരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റേയും ലോഞ്ചിഗും മുഖ്യമന്ത്രി നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button