വിജയവാഡ: വായ്പ തിരിച്ചടക്കാതിരുന്ന എന്‍.ആര്‍.ഐ ബിസിനസുകാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. യല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 31നാണ് കോസ്റ്റല്‍ ബാങ്ക് എന്ന സ്ഥാപനത്തിന്റെ ഡയറക്റും തെലുങ്കു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്ന ഗുരുപതി ജയറാമിനെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
രാകേഷ് റെഡ്ഢിയില്‍ നിന്ന് ജയറാം ആറ് കോടി രൂപ വായ്പ സഹായം വാങ്ങിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് പണം തിരികെ നല്‍കാന്‍ ജയറാമിന് കഴിഞ്ഞില്ല. രാകേഷ് നിരന്തരം ജയറാമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാകേഷിന്റെ കോളുകള്‍ ജയറാം ബ്ലോക്ക് ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കെത്തി. തുടര്‍ന്ന് ഒരു സ്ത്രീയുടെ വാട്സാപ്പ് നമ്പറാണെന്ന വ്യാജേന ജയറാമുമായി രാകേഷ് ബന്ധപ്പെട്ടു. തുടര്‍ന്ന് ജൂബിലി ഹില്‍സിലെ വീട്ടിലേക്ക് തനിച്ച് വരാന്‍ ജയാറാമിനോട് ആവശ്യപ്പെട്ടു.
ജയറാം എത്തിയ ഉടന്‍ ഡ്രൈവറും രാകേഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് ജയറാമിന്റെ കൈയ്യില്‍ ആറ് ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികളുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ ജയറാം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം ജയറാമിന്റെ തന്നെ കാറില്‍ എടുത്തിട്ട് ദേശീയപാതയുടെ അരികില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments