മലപ്പുറം: ദേശീയ പൊലീസ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ കരുത്തരായ സിക്കിമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20-ാം മിനുട്ടില്‍ മുഹമ്മദ് ഷനൂപ് പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകളും ഗോളവസരങ്ങള്‍ പാഴാക്കുന്നതിലും മത്സരിച്ചു. ഹര്‍ഷാദിനെ വീഴ്ത്തിയതിനാണ് കേരളത്തിന് പെനാല്‍റ്റി ലഭിച്ചത്.
ഇടവേളക്ക് ശേഷവും ആക്രമണ–പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും രണ്ട് ടീമിനും ഗോളാക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ പരുക്കനടവും കളം വാണു. കളിയില്‍ കേരളത്തിന്റെ കെ ഫിറോസും സുജിലും ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ഓഫ്സൈഡായി. അവസാന 15 മിനുട്ടില്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ചു കളിച്ച സിക്കിമിന്റെ 13-ാം നമ്പര്‍ താരം ജൂനിയര്‍ ബൈച്ചുങ് ബൂട്ടിയ ഗോള്‍ നേടിയതും ഓഫ്‌സൈഡായി. ഗോളിന് വേണ്ടി കളിക്കാര്‍ വാദിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.
രാത്രി ഏഴിന് നടന്ന മത്സരത്തില്‍ ഗോവ മറുപടിയില്ലാത്ത മൂന്നുഗോളിന് ഹരിയാനയെയും പഞ്ചാബ് പൊലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉത്തരാഖണ്ഡിനെയും തോല്‍പ്പിച്ചു. പഞ്ചാബിന്റെ വിജയകുമാര്‍ ഹാട്രിക് നേടി. മറ്റു മത്സരങ്ങളില്‍ സിഐഎസ്എഫ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആര്‍പിഎഫിനേയും ത്രിപുര ജമ്മു കശ്മീരിനെ നാലു ഗോളുകള്‍ക്കും മിസോറം ഒമ്പത് ഗോളുകള്‍ക്ക് രാജസ്ഥാന്‍ പൊലീസിനെയും അസം റൈഫിള്‍സ് രണ്ട് ഗോളുകള്‍ക്ക് മധ്യപ്രദേശ് പൊലീസിനേയും തോല്‍പ്പിച്ചു. മിസോറമിലെ ലാല്‍റിംപുവ ഹാട്രിക് നേടി. ത്രിപുരക്ക് വേണ്ടി രവീന്ദ്ര ദബ്ബാര്‍മയും അരിജിത് സിങ് ബറുവയും രണ്ട് ഗോള്‍ വീതം നേടി.
Post Your Comments