IndiaNews

കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് കനയ്യ കുമാറിനെയും ഷെഹ്ല റാഷിദിനെയും ഒഴിവാക്കി

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും ഷെഹ്ല റാഷിദിനെയും കോണ്‍ഗ്രസ് ഒഴിവാക്കി. ’72ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍’ എന്ന സംവാദ പരിപാടിയില്‍ നിന്നുമാണ് ഇരുവരെയും ഒഴിവാക്കിയത്. അവസാന നിമിഷം വിശദീകരണം പോലും നല്‍കാതെ ഇരുവരെയും പുറത്താക്കുകയായിരുന്നു.

പ്രൊഫസര്‍ അപൂര്‍വ്വാനന്ദ്, അശോക് വാജ്പേയി, മനോജ് കെ ഷാ എന്നിവരടങ്ങിയ പാനലിലെ മറ്റ് അംഗങ്ങളായി കനയ്യയെയും ഷെഹലയുമാണ് നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാംഗം കെടിഎസ് തുളസ് എന്നിവരാകും കനയ്യയ്ക്കും ഷെഹ്ലയ്ക്കും പകരം പരിപാടിയില്‍ പങ്കെടുക്കുക.

രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം ചുമത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് വിവരം. അതേസമയം പരിപാടിയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസിന്റെ മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ജനുവരി പതിനാലിനാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button