പാറ്റ്‌ന: രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ രംഗത്ത് വന്നു. ബിഹാറിലെ പാറ്റ്‌നയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപിച്ച അഗ്‌നിപഥ് വിരുദ്ധ സമരത്തിലാണ് കനയ്യ കുമാര്‍ പങ്കെടുത്തത്. എന്നാല്‍, പദ്ധതിയ്ക്കെതിരെ സംസാരിച്ച നേതാവിനെതിരെ നാട്ടുകാരില്‍ ചില യുവാക്കള്‍ രംഗത്ത് വരികയായിരുന്നു.
നാട്ടിലെ വിദ്യാര്‍ത്ഥികള്‍ കനയ്യ കുമാറിനെതിരെ മുദ്രവാക്യം മുഴക്കി. കനയ്യ കുമാറിനെ ദേശദ്രോഹി എന്നു വിളിക്കുകയും മുദ്രാവാക്യം മുഴക്കി വേദിയ്ക്ക് സമീപം വരികയുമായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. അഗ്നിപഥ് പദ്ധതിക്കെതിരെ ജൂണ്‍ 27ന് രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോണ്‍ഗ്രസ് പാര്‍ട്ടി 3 മണിക്കൂര്‍ സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിഹാറിലെ പാറ്റ്‌നയിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിപിഐ പാര്‍ട്ടിയെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ചാണ് കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം.
Post Your Comments