ന്യൂഡല്‍ഹി: യുദ്ധസമയങ്ങളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. 15 അത്യാധുനിക ഹരോപ്ഡ്രോണുകളാണ് വ്യോമസേന സ്വന്തമാക്കുന്നത്.
നിലവില്‍ വ്യോമസേനയുടെ പക്കല്‍ ഇലക്ട്രോ-ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഡ്രോണുകളുണ്ട്. ഇവ ആക്രമണത്തിന് മുമ്പ് നിരീക്ഷണം നടത്താനാണ് ഉപയോഗിക്കുന്നത്. ഇവയുടെ കൂട്ടത്തിലേക്കാണ് ആക്രമിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നത്.അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇന്ത്യന്‍ വ്യോമസേനയും സ്വന്തമാക്കുന്നത്. എത്രവലിയ ശത്രുകേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിയുന്ന ഡ്രോണുകളാകും വാങ്ങുകയെന്നാണ് വിവരങ്ങള്‍.
ഇതിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍ പുതിയ ഡ്രോണുകള്‍ വാങ്ങാനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലില്‍നിന്നാണ് പുതിയ ഡ്രോണുകള്‍ വാങ്ങുന്നത്. ഇതോടൊപ്പം രാജ്യത്തെ മൂന്ന് സുപ്രധാനസേനകളും ചേര്‍ന്ന് നടപ്പാക്കുന്ന ചീറ്റ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയുടെ കൈവശമുള്ള ഡ്രോണുകളെ ആക്രമിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റാനും നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുക എന്നതുമാണ് ചീറ്റ പദ്ധതി.
Post Your Comments