തിരുവനന്തപുരം: പേരാമ്പ്ര ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സിപിഐഎമ്മുകാരെ എഫ്ഐആര്‍ തിരുത്തി സംരക്ഷിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നാട്ടില്‍ കലാപത്തിന് ബോധപൂര്‍വ്വം ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം പേരാമ്പ്ര സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പേരാമ്പ്രയിലെ സര്‍ക്കാര്‍ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ചയെ തകര്‍ക്കുന്നതുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു. പേരാമ്പ്ര മസ്ജിദിന് നേരെ കല്ലെറിഞ്ഞത് നാട്ടില്‍ മതസ്പര്‍ദ്ധ സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്റെ പേരിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മറ്റ് എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്.
എന്നാല്‍ പൊലീസ് നിഷ്പക്ഷമായ നടപടി സ്വീകരിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി.ജയരാജനും രംഗത്തെത്തി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും പ്രതിഷേധിച്ചു. തുടര്‍ന്നാണ് എഫ്ഐആറില്‍ മാറ്റം വരുത്തിയതും ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം നല്‍കിയതും. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എഫ്ഐആറില്‍ മാറ്റം വരുത്തുന്നത് നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ്. നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ നടത്തിയ ശ്രമത്തിനാണ് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
Post Your Comments