മറയൂര്‍: വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചന്ദനതൈല ഇ ലേലത്തില്‍ ആറ് കിലോ വിറ്റഴിച്ചു. ഒരുകിലോ തൈലത്തിന് 2,33,500 രൂപ വില ലഭിച്ചു. കേരള ഹാന്‍ഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് തൈലം ലേലത്തില്‍ പിടിച്ചത്. 14 ലക്ഷം രൂപയുടെ തൈലമാണ് ലേലത്തില്‍ പിടിച്ചതെങ്കിലും നികുതിയടക്കം 17.36 ലക്ഷം രൂപ അടയ്ക്കണം. ഒരുകിലോ ചന്ദന തൈലത്തിന് വനംവകുപ്പ് നിശ്ചയിച്ചത് 2.33 ലക്ഷം രൂപയായിരുന്നു. 500 രൂപ കൂട്ടിവച്ചാണ് കമ്പനി തൈലം ലേലത്തില്‍ പിടിച്ചത്. മറ്റുകമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തില്ല.
നികുതിയടക്കമുള്ള ലേലത്തുക മറയൂര്‍ ചന്ദന ഡിവിഷനില്‍ അടച്ചാല്‍ തൈലം തിരുവനന്തപുരത്തുനിന്നും കമ്പനിക്ക് ലഭിക്കും. സംസ്ഥാനത്തെ വിവിധ റേഞ്ചുകളില്‍ വനംവകുപ്പ് പിടികൂടിയ തൊണ്ടിമുതലായ 600 കിലോ ചന്ദനതൈലത്തില്‍ 100 കിലോ തൈലമാണ് ചൊവ്വാഴ്ച ലേലത്തില്‍ വച്ചിരുന്നത്.
പീച്ചി റേഞ്ചില്‍നിന്നും വാര്‍ഡന്‍ എടുത്ത കേസിലെ തൊണ്ടിമുതലായിരുന്നു ലേലത്തില്‍വച്ച 100 കിലോ തൈലം. തിരുവനന്തപുരത്തെ വനംവകുപ്പിന്റെ സ്‌ട്രോങ് റൂമിലാണ് 14 കോടിയുടെ 600 കിലോ ചന്ദനതൈലം സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനിയും കര്‍ണാടക ഹാന്‍ഡി ക്രാഫ്റ്റ്‌സുമാണ് ചന്ദന തൈല ലേലത്തിലും തടിലേലത്തിലും പങ്കെടുക്കുന്ന മറ്റുപ്രമുഖര്‍.
Post Your Comments