KeralaNews

കൃഷിയിടത്തില്‍ കരുത്ത് തെളിയിച്ച് വീണ ജോര്‍ജ്

 

പത്തനംതിട്ട: മകരസംക്രാന്തി നാളില്‍ സ്വന്തം കൃഷിയിടത്തില്‍നിന്ന് വിളവെടുത്ത് വീണാ ജോര്‍ജ് എംഎല്‍എ മകരക്കൊയ്ത്തിനു തുടക്കം കുറിച്ചു. അങ്ങാടിക്കലെ വീടിന് സമീപമുള്ള, തരിശായിക്കിടന്ന പാടത്താണ് കൃഷിയിറക്കി എംഎല്‍എ നൂറ് മേനി നെല്ല് വിളയിച്ചിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥയും വരുമാനക്കുറവും മൂലം ചുറ്റുവട്ടത്തുള്ള മറ്റ് കൃഷിക്കാര്‍ നെല്‍കൃഷി ഉപേക്ഷിച്ച്, കരകൃഷിയിലേക്ക് മാറിയ സാഹചര്യത്തില്‍ പ്രദേശത്ത് നെല്‍കൃഷി ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായി എംഎല്‍എയും കുടുംബവും ഏറ്റെടുക്കുകയായിരുന്നു. 25 വര്‍ഷം മുന്‍പ് ഇവിടെ നെല്‍കൃഷിയുണ്ടായിരുന്നു. പിന്നീട്, വാഴ, കപ്പ തുടങ്ങിയവ കൃഷിയിറക്കിയെങ്കിലും നെല്‍കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കാലാന്തരത്തില്‍ കൃഷി അന്യംനിന്നു. ഭര്‍ത്താവ് അഡ്വ.ജോര്‍ജ് ജോസഫിന്റെ കുടുംബസ്വത്തായ ആറ് ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷിയിറക്കിയത്. ഉമ, ഭാഗ്യ എന്നീ വിത്തിനങ്ങളാണ് പരീക്ഷിച്ചത്.

സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ സര്‍ക്കാരിന്റെ ഹരിതകേരള മിഷന്റെ ഭാഗമായി ആറന്മുളയെ തരിശുരഹിതമാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു എംഎല്‍എ. മണ്ഡലത്തില്‍ തരിശായി കിടക്കുന്ന പാടങ്ങള്‍ കണ്ടെത്തി എംഎല്‍എയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി നൂറുമേനി വിളവ് കൊയ്തിരുന്നു. ആറന്‍മുള നിയോജകമണ്ഡലത്തിലെ മുഴുവന്‍ തരിശുനിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റുന്നതിന് പദ്ധതി തയാറാക്കിയിരിക്കയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഭര്‍ത്താവും മക്കളും പിന്‍തുണയുമായി ഒപ്പമുണ്ടെന്നും, ഇനിയും കൃഷിയുമായി മുന്നോട്ട് പോകുമെന്നും വീണാജോര്‍ജ് പറഞ്ഞു. എല്ലാ ഗുണപരമായ മാറ്റങ്ങള്‍ വീട്ടില്‍നിന്നു തന്നെ തുടങ്ങണമെന്ന സന്ദേശമാണ് എംഎല്‍എ കൃഷിയിലൂടെ സമൂഹത്തിന് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button