യമനില്‍ പ്രശ്‌ന പരിഹാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് സമാധാനം പുനസ്ഥാപിക്കണമെന്ന് സൗദിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ നീക്കം, ഖശോഗിയുടെ കൊലപാതകം, ഖത്തറുമായുള്ള അകല്‍ച്ച എന്നിവയും സൗദി ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച ചെയ്തു. കുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സന്ദര്‍ശനം പോംപിയോ റദ്ദാക്കി.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി 35 മിനിറ്റും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മുക്കാല്‍ മണിക്കൂറുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ചര്‍ച്ച നടത്തിയത്.
ഖത്തറുമായുള്ള പ്രശ്‌ന പരിഹാരവും ചര്‍ച്ചക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. ജമാല്‍ ഖശോഗിയുടെ കൊലപാതക അന്വേഷണ പുരോഗതിയും ചര്‍ച്ചയായി. ഇറാനെതിരായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം ലക്ഷ്യം വെച്ചാണ് പോംപിയോ എത്തിയത്. ഇതിന്റെ ഭാഗമായി കുവൈത്ത് സന്ദര്‍ശനത്തില്‍ ഖത്തര്‍ വിഷയം സജീവമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ഉഭയകക്ഷി വിഷയങ്ങളും പശ്ചിമേഷ്യന്‍ രാഷ്ട്രീയവും കൂടിക്കാഴ്ചയില്‍ വന്നു. യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യം വെച്ച് സ്വീഡന്‍ കരാര്‍ പ്രാബല്യത്തിലാണ്. ഇത് ലംഘിക്കാനുള്ള ശ്രമം അനുവദിക്കരുതെന്നും ഉടന്‍ രാഷ്ട്രീയ പരിഹാരം വേണമെന്നും പോംപിയോ ആവശ്യപ്പെട്ടു.
Post Your Comments