തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ ഏകോപിപ്പിക്കാൻ കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ഒരു സമിതി രൂപീകരിക്കും. നിലവിലുള്ള അന്തർസംസ്ഥാന ഔദ്യോഗികതല യോഗം ഉടൻ ചേരും.
Read Also: തൃപ്പൂണ്ണിത്തുറ സ്‌ഫോടനം: വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം
വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടിൽ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റർ കൊണ്ടുവരും. രണ്ടു പുതിയ ആർആർടികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങൾ അറിയിക്കാൻ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരും. ഇതിന് പോലീസ്, വനം വകുപ്പ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ ഉടൻ സജ്ജമാക്കും. വന്യജീവി ആക്രമണത്തിൽ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീർക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകാനും നിർദ്ദേശിച്ചു. അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണം നടത്താൻ പ്രത്യേക ടീമിനെ നിയോഗിക്കും.15 ന് രാവിലെ വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് ചർച്ച നടത്താനും തീരുമാനമായി.
വന്യജീവികളുടെ ആക്രമണം ദേശീയതലത്തിൽ തന്നെ ഗുരുതര പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ നയരൂപീകരണ രംഗത്തു നിന്നുമുള്ള വിപുലമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ബോധവൽക്കരണവും ആവശ്യമാണ്. നിലവിലെ സാഹചര്യത്തെ കൃത്യമായി വിലയിരുത്താനായി വിദഗ്ദ്ധ പഠനങ്ങളും അനിവാര്യമായിരിക്കുന്നു. ഇത്തരത്തിൽ ബൃഹത്തായ നടപടികളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും നാം നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കണം. പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ഇവിടെ ആവശ്യം. അതിനായി ഒന്നിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: കൊച്ചി ബാറിലുണ്ടായ വെടിവയ്പ്പ് : ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍
Post Your Comments