ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ ദില്ലി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ദില്ലി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സല്‍ ഗുരു.
വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായി മൂന്ന് ചാനലുകള്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
പിന്നീട് പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ വ്യാജമാണെന്ന് ദില്ലി സര്‍ക്കാര്‍ കണ്ടെത്തുകയും ചാനലുകള്‍ക്കെതിരെ കേസും എടുത്തിരുന്നു.
Post Your Comments