KeralaNews

കേരളം ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കും: മുഖ്യമന്ത്രി

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സിന്റെയും മേക്കര്‍ വില്ലേജിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

500 ലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രവര്‍ത്തന സൗകര്യമൊരുക്കുന്ന 180,000 ചതുരശ്ര വിസ്തീര്‍ണത്തിലുളള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്. ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ പുതിയ വളര്‍ച്ചാ മേഖലയാണ്. ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ നിന്നുള്ള സോഫ്‌റ്റ്വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കണം. ഇതിന് ഉതകുന്ന തരത്തില്‍ പുതിയ വ്യവസായ മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും കഴിയണം. ഇതിനാവശ്യമായ ഭൗതിക, പശ്ചാത്തല, സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. അതിനൂതനാശയങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കും.

ഒരു കോടി 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരുന്ന കേരളത്തിലെ ഐടി പശ്ചാത്തല സൗകര്യങ്ങള്‍ രണ്ട് കോടി 30 ലക്ഷം ചതുരശ്ര അടിയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐടി ആവാസ വ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്ന ചരിത്രപരമായ ചുവടുവെയ്പ്പാണ് കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് കോപ്ലക്‌സും മേക്കര്‍ വില്ലേജും. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ജയ്പൂരിലെ ടെക്‌നോ ഹബ്ബിനേക്കാള്‍ 82000 ചതുരശ്ര അടി അധിക വിസ്തീര്‍ണമാണുള്ളത്. ഇതോടെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ ഉള്‍പ്പെടുന്ന കോംപ്ലക്‌സ് സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് ഹബ്ബായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സെന്റര്‍ മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള പാരീസിലെ സ്റ്റേഷന്‍ എഫ് ആണ്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ടെക്‌നോളജി ഹബ്ബ് തെലങ്കാനയില്‍ ആരംഭിക്കുകയാണ്. കൊച്ചിയിലെ 13 ഏക്കറില്‍ ഏഴ് കെട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ ഭാവിയില്‍ അഞ്ച് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിലേക്ക് വികസിപ്പിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button